ആറ്റിങ്ങൽ : പൊറോട്ടയ്ക്ക് അമിത വില ഈടാക്കിയെന്നാരോപിച്ച് കാറിലെത്തിയ അഞ്ചംഗ സംഘം ഹോട്ടലുടമയെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ചു.
മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 12.45 ഓടെയാണ് സംഭവം നടന്നത്.
കെ.എല്‍ 65 സി 8494 നമ്പര്‍ ഇന്നോവയിലെത്തിയ സംഘം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പണം നല്‍കിയശേഷം മടങ്ങി. കുറച്ചുസമയത്തിനുള്ളില്‍ തിരികെയെത്തിയാണ് ഇവര്‍ ഹോട്ടലുടമ ടിജോയിയുമായി വഴക്കിട്ടതും തുടർന്ന് ആക്രമിച്ചതും. ഒരു പൊറോട്ടയ്ക്ക് 12 രൂപ ഈടാക്കിയത് അമിത വിലയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ടിജോയുടെ തലയ്ക്ക് പാല് ട്രേ കൊണ്ടാണ് സംഘം അടിച്ചത്. പരിക്കേറ്റ ടിജോയിയെ ജീവനക്കാര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ശക്തമായ അടിയില്‍ തലയ്ക്ക് ഗുരുതര പൊട്ടലുണ്ട്. തലയ്ക്കുള്ളില്‍ ആറും പുറത്ത് ഒമ്പതും സ്റ്റിച്ചുകളുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെപ്പറ്റി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.