ബെംഗളൂരു: കടുവ സെൻസസ് പദ്ധതിയുടെ ഭാഗമായി ബെംഗളൂരു-കനകപുര റോഡിലെ വിശാലമായ മുഗ്ഗുരു വന്യജീവി വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ച 14 കഡ്ബാക്ക്, സ്കൗട്ട്ഗാർഡ് ക്യാമറകളാണ് കഴിഞ്ഞ രണ്ടാഴ്ച മുതൽ മോഷണം പോകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മുഗ്ഗുരു റിസർവ് വനത്തിൽ ഏഴ് ബീറ്റുകൾ ഉണ്ടാക്കി പ്രദേശത്ത് പട്രോളിംഗ് നടത്താനും ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിക്കാനും ഫോറസ്റ്റ് ഗാർഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കടുവകളുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ വനപാലകർ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ക്യാമറകൾ മോഷണം പോയതായി കണ്ടെത്തിയത്. മോഷണം പോയ ക്യാമറകൾക്ക് ഏകദേശം 1.32 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്. അക്രമികൾ ഇവ എറിഞ്ഞ് കളഞ്ഞിട്ടുണ്ടാകുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ് അധികൃതർ പരിസരം പരിശോധിച്ചു. ക്യാമറകൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് മുഗുരു ഫോറസ്റ്റ് സബ് ഡിവിഷനിലെ അസിസ്റ്റന്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ (എആർഎഫ്ഒ) എസ് രാജേഷ് പോലീസിൽ റിപ്പോർട്ട് നൽകി. ശനിയാഴ്ചയാണ് അധികാരപരിധിയിലുള്ള പോലീസിൽ പരാതി നൽകിയത്.
കടുവകളുടെ സഞ്ചാരം നിരീക്ഷിക്കാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി ഈ മോഷണം. മുഗ്ഗുരു വനമേഖലയിൽ കടുവകളുടെ കണക്കെടുപ്പിന് ക്യാമറ ട്രാപ്പിംഗ് രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ പഗ് മാർക്ക് ഉപയോഗിച്ചാണ് കടുവകളുടെ കണക്കെടുപ്പ് നടത്തിയിരുന്നത്. പിടിക്കപ്പെടുമെന്ന് ഭയന്ന്, വേട്ടക്കാർ ക്യാമറകൾ മോഷ്ടിച്ചതായിട്ടാണ് സംശയിക്കുന്നത്. വേട്ടക്കാരുടെ നീക്കം നിരീക്ഷിക്കാൻ ക്യാമറകൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതായും അന്വേഷണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അജ്ഞാതരായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 379-ാം വകുപ്പ് പ്രകാരം മോഷണത്തിനാവും കേസെടുക്കുക. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.