ബെംഗളൂരു: കർഷകർക്ക് സർക്കാർ സബ്സിഡിയിലുള്ള വളം കൃത്യമായി ലഭിക്കാത്തതിന് എതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ട കർണാടകയിലെ സർക്കാർ സ്കൂൾ അധ്യാപകന് സസ്പെൻഷൻ.
ബിദർ ജില്ലയിലെ ഹെഡപുര സ്കൂളിലെ അധ്യാപകനായ കുശാൽ പാട്ടീലിനെയാണ് സസ്പെൻഡ് ചെയ്തത്. ജൂൺ 15 നാണ് കേന്ദ്രമന്ത്രിയെ കുശാൽ പാട്ടീലിന് ഫോണിൽ ലഭിച്ചത്.
ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവിലാണ് മന്ത്രിയുടെ ഫോണിൽ കിട്ടിയത്. തൻറെ ഗ്രാമമായ ജീർഗയിലെയും ബിദർ ജില്ലയിലെ മറ്റ് മേഖലകളിലും വളത്തിൻറെ ദൗർലഭ്യം കൂടുതൽ ആണെന്നും പരിഹാരം വേണമെന്നും അധ്യാപകൻ മന്ത്രിയോട് ആവശ്യപ്പെട്ടു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രിയെങ്കിലും ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ഡൽഹിയിലുള്ള തന്നെ വിളിച്ച് പരാതി അറിയിക്കാതെ മണ്ഡലത്തിലെ പ്രശ്നം സ്വന്തം സ്ഥലത്തെ ഉദ്യോഗസ്ഥരെയോ എംഎൽഎ യോ ധരിപ്പിക്കാൻ ആയിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഇതോടെ കേന്ദ്രമന്ത്രിയോട് കുശാൽ പാട്ടീൽ കയർത്ത് സംസാരിച്ചു. ജനങ്ങൾ വോട്ട് ചെയ്തതാണ് അധികാരത്തിലേറിയതെന്ന് മറക്കരുതെന്ന് കുശാൽ പാട്ടീൽ പറഞ്ഞു , ആദ്യം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനെങ്കിലും തയ്യാറാവണമെന്നും ചൂണ്ടികാട്ടി. പിന്നാലെ ഈ ഫോൺ റെക്കോർഡ് സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്തു.
ഇതോടെ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. കേന്ദ്രമന്ത്രിയുമായുള്ള അധ്യാപകന്റെ ഫോൺ സംഭാഷണം വലിയ ചർച്ചയായി. ഓഡിയോ പുറത്ത് വന്നതോടെ കർഷകരോടുള്ള കേന്ദ്രസർക്കാരിൻറെ നിലപാടാണ് വെളിച്ചത്തുവന്നതെന്ന് അടക്കം ആരോപിച്ചു. വിവാദങ്ങൾക്ക് വഴിമാറിയതോടെ അധ്യാപകനെതിരെ കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. പിന്നാലെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറത്തിറക്കി.
കർണാടക സിവിൽ സർവ്വീസ് ചട്ടങ്ങൾ അനുസരിച്ചാണ് നടപടി. ജോലിയിൽ ശ്രദ്ധിക്കാതെ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് സസ് പെൻഷൻ ഉത്തരവിൽ പറയുന്നത് . എന്നാൽ കർഷകനായ അച്ഛന്റെയും ഗ്രാമത്തിലെ മറ്റ് കർഷകരുടെയും ബുദ്ധിമുട്ട് കണ്ടാണ് താൻ കേന്ദ്രമന്ത്രിയെ വിളിച്ചതെന്നും വിവാദത്തിന് ശ്രമിച്ചതല്ലെന്നും കുശാൽ പാട്ടീൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.