കോഴിക്കോട്: വ്ലോഗറും യൂട്യൂബറുമായ കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി റിഫ മെഹനു വിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദുബായിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.
റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു . പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്. റിഫയുടെ മരണത്തിൽ കാസർകോട് സ്വദേശിയും യൂട്യൂബറുമായ ഭർത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിരുന്നു.
മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കാക്കൂർ പോലീസ് കേസെടുത്തത്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. മാർച്ച് ഒന്നിനാണ് റിഫ മെഹനു വിനെ ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.
ഭർത്താവ് മെഹ്നാസിനൊപ്പമായിരുന്നു താമസം. ജനുവരി മാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരിൽനിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയിൽ പർദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്ത ദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളിൽ സംസാരിച്ചിരുന്നു.
ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്. പിന്നീട് നാട്ടിലെത്തിച്ച് മൃതദേഹം ഖബറടുക്കുകയായിരുന്നു. ദുബായിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം എത്തിച്ചതെന്ന് ഭർത്താവ് മെഹനാസ് തെറ്റിദ്ധരിപ്പിച്ചുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും റിഫയുടെ മാതാപിതാക്കൾ ആരോപിക്കുകയായിരുന്നു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.