അവിശ്വാസം പാസ്സായി: ഇമ്രാൻ ഖാൻ പുറത്ത്

IMRAN KHAN PAKISTAN PRESIDENT

ഇസ്‍ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഒടുവില്‍ പുറത്ത്.
നാഷനല്‍ അസംബ്ലിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ ഇംറാന്‍ പരാജയപ്പെട്ടു. 342 അംഗ പാര്‍ലമെന്റില്‍ 174 പേര്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഇംറാന്‍ അനുകൂലികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇംറാന്‍ ഖാന്‍ വീട്ടുതടങ്കലിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് പുതിയ പ്രധാനമന്ത്രി ആയേക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് പരിഗണനക്കെടുത്ത അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് പകല്‍ മുഴുവനും നീണ്ട അനിശ്ചിതാവസ്ഥക്കൊടുവില്‍ പുലര്‍ച്ചെയാണ് ആരംഭിച്ചത്. പാക് സര്‍ക്കാറി​നെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിന് പിന്നാലെ ചുമതലയേറ്റ മുതിര്‍ന്ന അംഗം അയാസ് സാദിഖിന്റെ നേതൃത്വത്തിലായിരുന്നു വോട്ടിങ്.

വോട്ടെടുപ്പ് ഒഴിവാക്കാനുള്ള ഭരണപക്ഷ നീക്കത്തില്‍ അതൃപ്തനായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത്ത ബന്ദിയാല്‍ അര്‍ധരാത്രി ​തന്നെ കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. കോടതി വാതിലുകള്‍ അര്‍ധരാത്രി 12 മണിക്ക് തുറക്കാന്‍ ചീഫ് ജസ്റ്റിസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഇസ്‍ലാമാബാദ് ഹൈകോടതിയും തുറക്കാന്‍ തീരുമാനിച്ചു. കോടതികളുടെ ഈ അസാധാരണ നീക്കത്തിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ വോട്ടിങ്ങിന് ഭരണപക്ഷം വഴങ്ങിയത്.

നാഷനല്‍ അസംബ്ലിയില്‍ ശനിയാഴ്ച രാവിലെ അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ച ആരംഭിച്ചെങ്കിലും ഇടക്ക് രണ്ടുതവണ നിര്‍ത്തിവെച്ചു. ഒടുവില്‍ ഇഫ്താറിനുശേഷം 7.30ഓടെ പാര്‍ലമെന്റ് നടപടികള്‍ പുനരാരംഭിച്ചെങ്കിലും സ്പീക്കര്‍ ഇടപെട്ട് സഭാനടപടികള്‍ വീണ്ടും നിര്‍ത്തി. രാത്രി നമസ്കാരത്തിനുശേഷമാണ് സഭ പിന്നീട് ചേര്‍ന്നത്.

342 അംഗ നാഷനല്‍ അസംബ്ലിയില്‍ ആഴ്ചകള്‍ക്കുമുമ്ബേ ഇംറാന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. വോട്ടെടുപ്പ് ഒഴിവാക്കാനുള്ള ഇംറാന്റെ സകലനീക്കങ്ങളും സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് പരാജയപ്പെട്ടത്. അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ ഇംറാന്‍, അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. പിന്നാലെ വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി, പാര്‍ലമെന്റ് പുനഃസ്ഥാപിക്കുകയും ശനിയാഴ്ചതന്നെ ചര്‍ച്ചയും വോട്ടെടുപ്പും നടത്താന്‍ ഉത്തരവിടുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us