നായയെ സയനൈഡ് വിഷം നൽകി കൊലപ്പെടുത്തിയ നിലയിൽ.

ബെംഗളൂരു: ഒരു തെരുവ് നായയെ സയനൈഡ് വിഷം നൽകി കൊന്നനിലയിലും മറ്റൊരു നായയ്ക്ക് ക്രൂരമായി മർദ്ദനമേറ്റതായും മൃഗാവകാശ പ്രവർത്തകർ പറഞ്ഞു. ജനുവരി രണ്ടാം വാരത്തിൽ ഈസ്റ്റ് ബെംഗളൂരുവിലെ റിച്ചാർഡ്‌സ് ടൗണിലാണ് രണ്ട് സംഭവങ്ങളും നടന്നത്. ആക്രമണം പ്രദേശവാസികളെയും മൃഗാവകാശ പ്രവർത്തകരെയും ഞെട്ടിച്ചെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ല. മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്‌ട്രെയ്‌സ് മാറ്റർ എന്ന ഗ്രൂപ്പാണ് ഇതിനെതിരെ പുലകേശിനഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

പ്രദേശവാസികളായ സുനിത വാസ്‌നായിക്കും അർജുൻ വാസ്‌നായിക്കുമാണ് ഒന്നര വയസ്സ് പ്രായമുള്ള കുക്കിയെ വായിൽ നിന്ന് നുരയും പതയും വരുന്ന രീതിയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻതന്നെ ഹെബ്ബാളിലെ സർക്കാർ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും നായ ചത്തു. ഹൈഡ്രോസയാനിക് ആസിഡിൽ (സയനൈഡ്) വിഷം ഉള്ളിൽ ചെന്നാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഷുഗർ എന്ന് പേരുള്ള രണ്ടാമത്തെ തെരുവ് നായയെ ക്രൂരമായി മർദിച്ചതിനാൽ കാൽ ഒടിഞ്ഞ നിലയിലാണ് കാണപെട്ടത്. പരിസരവാസികൾ അതിനെ മൃഗാശുപത്രിയിൽ എത്തിക്കുകയും മുറിവുകൾ ഉണങ്ങുന്നത് വരെ പരിചരിക്കുകയും ചെയ്തു. റിച്ചാർഡ്‌സ് ടൗണിലെ ചില നിവാസികൾ തെരുവ് നായ്ക്കളെ ഒരു വിപത്തായി കാണാറുണ്ടെങ്കിലും നായ്ക്കൾ ആക്രമണകാരികളോ അരോചകമോ അല്ലെന്ന് മൃഗാവകാശ പ്രവർത്തകർ പറയുന്നു.

ഈ ക്രൂരമായ ആക്രമണത്തിന് പിന്നിൽ പരിസരവാസികൾ തന്നെയാകാനാണ് സാധ്യതയെന്നും അവർ സംശയിക്കുന്നുണ്ട്. റിച്ചാർഡ് ടൗണിലെ ഓരോ നായയ്ക്കും നല്ല ഭക്ഷണം നൽകുകയും കൃത്യസമയത്ത് വന്ധ്യംകരണം നടത്തുകയും ചെയ്യുന്നതിനാൽ അത് താമസക്കാരെ ശല്യപ്പെടുത്തുകയോ ആക്രമണകാരികളാകുകയോ ചെയ്യാറില്ലെന്ന് സ്‌ട്രേ മാറ്റേഴ്‌സ് വോളന്റിയർമാർ  പറഞ്ഞു. ഇതിനുപുറമെ അടുത്ത കാലത്തായി റിച്ചാർഡ് ടൗണിലും പരിസരത്തും വിവിധ സംഭവങ്ങളിലായി നിരവധി തെരുവ് നായ്ക്കളും പൂച്ചകളും ചത്തതായും പ്രവർത്തകർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us