20 ലക്ഷം അടിയുള്ള ബിസിനസ് പാർക്ക് ഉൾപ്പെടുന്ന ദേവനഹള്ളിയിലെ എയർപോർട്ട് സിറ്റി അതിവിപുലമായ സൗകര്യങ്ങളോടെ ഒരുങ്ങുന്നു

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപം ദേവനഹള്ളിയിൽ നിർമാണം പുരോഗമിക്കുന്ന എയർപോർട്ട് സിറ്റിയിൽ ഒരുങ്ങുന്നത് അതിവിപുലമായ സൗകര്യങ്ങൾ.

20 ലക്ഷം അടിയുള്ള ബിസിനസ് പാർക്കും രണ്ട് ഹോട്ടലുകളും ഓഡിറ്റോറിയവും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഇവിടെയുണ്ടാകുക.

എയർപോർട്ട് സിറ്റി നിർമാണം പൂർത്തിയാകുന്നതോടെ ഒട്ടേറെ സ്ഥാപനങ്ങൾ ഇവിടേക്കെത്തുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ആദ്യഘട്ടം 2026-ലാണ് പൂർത്തിയാകുക.

വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ബെംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡാണ് (ബി.എ.സി.എൽ.) പദ്ധതി നടപ്പാക്കുന്നത്.

നിലവിൽ ത്രിഡി പ്രിന്റിങ് സ്ഥാപനം, ഭക്ഷണശാല എന്നിവ എയർപോർട്ട് സിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകളുടെയും ബിസിനസ് പാർക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും നിർമാണം പുരോഗമിക്കുകയാണെന്ന് ബി.എ.സി.എൽ. അധികൃതർ അറിയിച്ചു.

രണ്ടുഹോട്ടലുകളിലും ചേർന്ന് 775 മുറികളാണ് ഇവിടെയുണ്ടാകുക. വിവാന്ത, ജിഞ്ചർ എന്നീ ഗ്രൂപ്പുകളാണ് ഹോട്ടലുകൾ നടത്തുക. ബിസിനസ് ആവശ്യങ്ങൾക്കെത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപകാരപ്പെടുന്നതാകും ഈ ഹോട്ടലുകളെന്നാണ് വിലയിരുത്തൽ.

പുതുതായി നിർമിക്കുന്ന ഓഡിറ്റോറിയവും അത്യാധുനിക രീതിയിലാണ് നിർമിക്കുന്നത്. 10,000 ഇരിപ്പിടങ്ങൾ ഇവിടെയുണ്ടാകും. സാംസ്കാരികപരിപാടികളും സമ്മേളനങ്ങളും ഇവിടെ സംഘടിപ്പിക്കാം.

ഐ.ടി. സ്ഥാപനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ രീതിയിലാണ് ബിസിനസ് സിറ്റിയുടെ നിർമാണം.

വിനോദത്തിനുള്ള വിവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്ന് ബി.എ.സി.എൽ. സി.ഇ.ഒ. റാവു മനുകുട്‌ല പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ നിർദിഷ്ട മെട്രോ പാതയുമായും ബിസിനസ് സിറ്റിയെ ബന്ധിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us