ബെംഗളൂരു: കർണാടകയിലെ മറ്റൊരു വിദ്വേഷ കുറ്റകൃത്യത്തിൽ, ചൊവ്വാഴ്ച 19 കാരനായ ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബജ്റംഗ്ദൾ നേതാവ് ഉൾപ്പെടെ നാല് പേരെ ഗദഗ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ബജ്‌റംഗ്ദൾ നേതാവും സിവിൽ കോൺട്രാക്ടറുമായ സഞ്ജു നാൽവാഡെ, ഗുണ്ഡ്യ മുത്തപ്പ ഹിരേമത്ത് എന്ന മല്ലികാർജുൻ, ചന്നു ചന്ദ്രശേഖർ അക്കി എന്ന ചന്നബസപ്പ, സക്രപ്പ ഹനുമന്തപ്പ കാകനൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം ഗദഗ് ജില്ലയിലെ നർഗുണ്ട് സ്വദേശികളാണ്.
നർഗുണ്ടിലെ ഒരു വഴിയോര ഭക്ഷണശാലയിൽ ജോലി ചെയ്തിരുന്ന 19 കാരനായ സമീർ ഷഹാപൂരിനെ കൊലപ്പെടുത്തിയതിനാണ് ഗദഗ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്. സമീറിനു പുറമെ ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന, സമീറിന്റെ സുഹൃത്തായ ഷംഷേർ ഖാൻ പത്താനും ആക്രമണത്തിനിരയായിരുന്നു, ഷംഷേർ ഖാൻ ഇപ്പോൾ പരിക്കേറ്റ് ചികിത്സയിലാണ്. ആയുധങ്ങളുമായി എത്തിയ 15 പേരടങ്ങുന്ന സംഘമാണ് സമീറിനെയും ഷംസീറിനെയും ആക്രമിച്ചത്.
അന്ന് രാത്രി സമീർ ഹോട്ടൽ അടച്ച് ബാർബർ ഷോപ്പിലേക്ക് പോവുകയും തുടർന്ന് ഷംഷീറിനെ സ്റ്റുഡിയോയിൽ നിന്ന് കൂട്ടി ഇരുവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ സമീറിന്റെ ബന്ധു സാഹിൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് നർഗുണ്ടിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കെട്ടിടത്തിന് സമീപമുള്ള റോഡിൽ സമീറും സംഷറും കിടക്കുന്നതാണ് കണ്ടെത്തിയത്. “സ്റ്റേറ്റ് ബാങ്കിന് സമീപം ആയുധങ്ങൾ കൈവശം വെച്ച ആളുകളാണ് അവരെ ആക്രമിച്ചതെന്നും. ഉടൻ തന്നെ ഇരുവരെയും കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ഹുബ്ബള്ളിയിലേക്ക് കൊണ്ടുപോയി, എന്നാൽ ചൊവ്വാഴ്ച രാവിലെ സമീർ മരിക്കുകയായിരുന്നു എന്നും സാഹിൽ പറഞ്ഞു.
നർഗുണ്ടിൽ വർഗീയ സംഘർഷങ്ങളുടെ പരമ്പരയ്ക്ക് പിന്നാലെയാണ് സംഭവം. 2021 നവംബറിൽ കുറ്റാരോപിതനായ ഒരാളെ ഒരു കൂട്ടം മുസ്ലീം പുരുഷന്മാർ ആക്രമിച്ചതോടെയാണ് സംഘർഷം നടക്കുന്നത് ഗദഗ് എസ്പി ശിവപ്രകാശ് ദേവരാജു പറഞ്ഞു. നവംബറിന് ശേഷം നടക്കുന്ന മൂന്നാമത്തെ തർക്കമാണ് ഇതെന്നും, നവംബറിൽ നടന്ന ആദ്യ കേസിൽ ഞങ്ങൾ അറസ്റ്റ് ചെയ്ത ആളുകളെ ഐപിസി 307 (കൊലപാതകശ്രമം) വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നെന്നും. ആ തർക്കത്തിൽ സമീറും ഷംസീറും ഉണ്ടായിരുന്നുവെങ്കിലും അവർ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും എസ്പി പറഞ്ഞു.
എന്നാൽ ജനുവരി 14 ന് കൂടുതൽ ആളുകൾക്ക് എതിരെ കേസ് എടുക്കാൻ ബജ്റംഗ്ദൾ അംഗങ്ങൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. സഞ്ജു നൽവാഡെയുടെ നേതൃത്വത്തിലായിരുന്നു ബജ്‌റംഗ് ദളിന്റെ പ്രതിഷേധം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.