ശരണംവിളിയുടെ ഭക്തിപ്രഹര്‍ഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണ ഭൂഷിതനായ സ്വാമിഅയ്യപ്പനെ ദീപാരാധന തൊഴുത് നില്‍ക്കവെയായിരുന്നു ആ ദര്‍ശന പുണ്യം. ദിനങ്ങളോളം കാത്തുനിന്ന പതിനായിരങ്ങള്‍ ശരണം വിളികളോടെ മാമലകള്‍ക്കിടയിലെ ജ്യോതിസിനെ എതിരേറ്റു.
തിരുവാഭരണം സന്നിധാനത്ത് എത്തിയനേരം അന്തരീക്ഷം ഭക്തിസാന്ദ്രമായി തീര്‍ന്നു. ഭഗവാന്റെ തിരുവുടലില്‍ ആഭരണം ചാര്‍ത്തി മനംനിറയെ തൊഴാനും പതിനായിരങ്ങള്‍ ഒഴുകി. ആത്മനിര്‍വൃതിയുടെ ജ്യോതിര്‍ ദര്‍ശനത്തിന് ശേഷം അയ്യപ്പന്‍മാരും മാളികപ്പുറങ്ങളും കൂട്ടത്തോടെ മലയിറങ്ങിത്തുടങ്ങി.
പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാം പടിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, എം എല്‍ എമാരായ പ്രമോദ് നായരണന്‍, കെ യു ജിനീഷ് കുമാര്‍, ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി എം തങ്കപ്പന്‍, കെ മനോജ് ചെരളയില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച ശേഷം സോപാനത്തില്‍ ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരര്, മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
തുടര്‍ന്ന് ശ്രീകോവിലില്‍ എത്തിച്ചശേഷം അയ്യപ്പസ്വാമിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തിയ സമയത്താണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ഉച്ച കഴിഞ്ഞ് 2.29 നായിരുന്നു മകരസംക്രമപൂജ. പൂജാവേളയില്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് അഭിഷേകം ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.