ബെംഗളൂരു: ആത്മഹത്യ ചെയ്യാൻ തടാകത്തിൽ ചാടിയ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മനക്കട്ടെ സ്വദേശികളായ സിദ്ദമ്മ (55), മകൾ സുമിത്ര (33), സുമിത്രയുടെ ഭർത്താവ് ഹനുമന്ത രാജു (35) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ചാടിയ 11-കാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. രാംനഗര ജില്ലയിലെ മഗധി താലൂക്കിൽ ദമ്മനകട്ടെ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച്, കർഷകത്തൊഴിലാളിയായ ഹനുമന്തരാജു ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഹനുമന്തരാജുവിന്റെ സ്ഥിരമായുള്ള മദ്യപാനം കുടുംബത്തിന് വലിയ സാമ്പത്തികബാധ്യതകളുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വീട്ടിൽ പതിവായിരുന്നുവെന്നാണ് സമീപവാസികൾ പോലീസിന് നൽകിയ മൊഴി. കടബാധ്യതകൾ കൂടിയതോടെയാണ് കുടുംബമൊന്നാകെ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
എന്നാൽ സുമിത്രയുടെ 10 വയസ്സുകാരിയായ ഇളയ മകൾ, വെള്ളത്തിൽ ചാടാൻ വിസമ്മതിക്കുകയും ഭയന്നുപോയ 10 വയസ്സുകാരി സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തടാകം പരിശോധിച്ചതോടെയാണ് മൂത്തമകളെ മുങ്ങിത്താഴുന്ന നിലയിൽ കണ്ടെത്തിയത് തുടർന്ന് പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
മണിക്കൂറുകൾക്കുശേഷമാണ് മറ്റുള്ളവരുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.