ബെംഗളൂരു: ബംഗ്ലാദേശിൽ നിന്നുള്ള ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് ആഴ്ചകൾക്കുള്ളിൽ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചതായി വിവരം ലഭിച്ചു.
മെയ് 27 ന് ഉണ്ടായ ലൈംഗികാതിക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് ആദ്യ അറസ്റ്റ് നടത്തിയത്. അഞ്ച് ആഴ്ചയ്ക്കുള്ളിൽ 1,019 പേജുകൾ അടങ്ങിയ കുറ്റപത്രം രാമമൂർത്തി നഗർ പോലീസ് സമർപ്പിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കേസ് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് അഭിനന്ദിച്ചു. അതോടൊപ്പം ഈ കേസന്വേഷണത്തിൽ ഉൾപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ ക്യാഷ് റിവാർഡും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് കുറ്റപത്രം സമർപ്പിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം വളരെ തൃപ്തികരമായി തന്നെ ഫയൽ ചെയ്തു. തുടരന്വേഷണം വളരെ കാര്യക്ഷമമായി തന്നെ മുമ്പോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 11 പേർ ബംഗ്ലാദേശികളും പ്രതികളിൽ രണ്ടുപേർ സ്ത്രീകളുമാണ്.
മനുഷ്യക്കടത്ത് സംബന്ധിച്ച് പോലീസ് ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ട്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അന്താരാഷ്ട്ര അതിർത്തിയിലൂടെ അനധികൃതമായി നൂറുകണക്കിന് സ്ത്രീകളെ കടത്തിക്കൊണ്ടുവന്നിട്ടുള്ളതായി അറസ്റ്റിലായവർ പോലീസിനോട് വെളിപ്പെടുത്തിയതായി വിവരം ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.