ബെംഗളൂരു: കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗൺ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആവർത്തിച്ചത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വൻ തകർച്ചയാണുണ്ടാക്കിയത്.
ടൂറിസം കേന്ദ്രങ്ങൾ മാസങ്ങളോളം അടച്ചിട്ടതോടെ ഇവയെ ഉപജീവിച്ച് പ്രവർത്തിച്ചുവന്ന ഹോട്ടലുകളും റിസോർട്ടുകളും മറ്റും കടുത്ത പ്രതിസന്ധിയെ നേരിട്ടു.
സഞ്ചാരികൾ വരാതായതോടെ ഇവയെല്ലാം അടച്ചിടേണ്ടിവന്നു. അപ്പോഴും വാടക, നികുതി, വൈദ്യുതിച്ചാർജ് തുടങ്ങിയവയിലുള്ള ചെലവുകൾ ഒഴിവാക്കാനുമായില്ല.
എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് തൂത്തെറിഞ്ഞ ടൂറിസം മേഖലയ്ക്ക് വൻ ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും റസ്റ്റോറന്റുകൾക്കും അമ്യൂസ്മെന്റ് പാർക്കുകൾക്കും സഹായകമാകുന്ന ഇളവുകൾ പ്രഖ്യാപിച്ചു.
ഹോട്ടലുകളും റിസോർട്ടുകളും അടയ്ക്കേണ്ട വസ്തുനികുതയിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയതായി ടൂറിസം മന്ത്രി സി.പി.യോഗേശ്വർ അറിയിച്ചു. ഇവയ്ക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വൈദ്യുതിച്ചാർജ് അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയതായും അറിയിച്ചു.
എക്സൈസ് ലൈസൻസ് ഫീസ് ഉൾപ്പെടെ സർക്കാരിലേക്ക് അടയ്ക്കേണ്ട ഫീസുകളിലും ഇളവേർപ്പെടുത്തി. ഫീസുകളുടെ പകുതി ഇപ്പോൾ അടച്ചാൽ മതി, ബാക്കി ഡിസംബർ 31-നുള്ളിൽ അടച്ചാൽ മതി.
ടൂറിസ്റ്റ് ഗൈഡുകൾക്ക് 5000 രൂപവീതം സഹായധനം അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ പണം നേരിട്ടെത്തും. വിനോദസഞ്ചാരവകുപ്പിൽ രജിസ്റ്റർ ചെയ്ത ഗൈഡുകൾക്കാണ് ഈ സഹായം ലഭിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.