ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളും അവരുടെ ബന്ധുക്കളും വ്യാപകമായി പറ്റിക്കപ്പെടുന്നത് തുടർക്കഥയാകുന്നു. മുൻകൂർ പണമടച്ച് ഓർഡർ ചെയ്ത ഓക്സിജൻ കോൺസണ്ട്രേറ്റർ കിട്ടാതെ മരണത്തിന് കീഴടങ്ങിയ യുവാവിന്റെ സംഭവമാണ് അവസാനമായി പുറത്ത് വന്നത്.
കഴിഞ്ഞ ദിവസം നീലമംഗലയിൽ ആനന്ത് എന്ന യുവാവ് തന്റെ കോവിഡ് രോഗിയായ സഹോദരന് വേണ്ടി ഓക്സിജൻ കോൺസണ്ട്രേറ്റർ ആവശ്യപ്പെട്ട് ഓണ്ലൈനിൽ നിന്ന് കിട്ടിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. മുൻകൂറായി അവർ ആവശ്യപ്പെട്ട 13000 രൂപ നൽകിയിട്ടും ഓക്സിജൻ കോൺസണ്ട്രേറ്റർ ലഭിച്ചില്ല. ഇതേ തുടർന്ന് സഹോദരൻ മരിക്കുകയായിരുന്നു എന്ന് യുവാവ് വെളിപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുകാർ അവരുടെ ഫോൺ നമ്പറുകൾ ആളുകളിലേക്ക് എത്തിക്കുന്നതെന്നും അത്യാവശ്യക്കാരാണ് പലപ്പോഴും തട്ടിപ്പിൽ വീഴുന്നതെന്നും പോലീസ് വെളിപ്പെടുത്തി. ഇതിനോടകം തന്നെ ഓക്സിജൻ സിലണ്ടറുകൾ, ഓക്സിജൻ കോൺസണ്ട്രേറ്റർ തുടങ്ങിയവയുടെ വില്പനയുമായി ബന്ധപ്പെട്ട് അവസരം മുതലെടുത്ത് തട്ടിപ്പ് നടത്തിയ നിരവധി കേസുകളാണ് നഗരത്തിൽ റെജിസ്ട്രർ ചെയ്തിട്ടുള്ളത്.
കൊവിഡ് കാലമായതിനാല്‍ പരാതി നല്‍കിയാലും പൊലീസിനും സംഭവത്തില്‍ കാര്യമായി ഇടപെടാനാകാത്ത സാഹചര്യമാണുള്ളത്. തട്ടിപ്പ് സംഘങ്ങൾ ഇതും അവസരമാക്കുന്നു. അതേസമയം ഓൺലൈന്‍ തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്രവ്യാപനം നേരിടുന്ന ഈ സമയത്തും അവസരം മുതലെടുത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് നഗരത്തിൽ ഉണ്ടായിരിക്കുന്നത്.
ഓണ്ലൈനിലൂടെ തട്ടിപ്പ് നടത്തുന്നവരുടെ രീതികൾ:
– ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം (MoHFW), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പോലുള്ള സർക്കാർ സംവിധാനങ്ങളിൽ നിന്നാണെന്ന വ്യാജേന കോവിഡ്-19 വിവരങ്ങൾ നൽകുന്നത് തട്ടിപ്പുകാരുടെ രീതികളിലൊന്നാണ്.
– ചികിത്സ, രോഗശമനം, ടെസ്റ്റ് കിറ്റുകൾ, ഹാൻഡ് സാനിറ്റൈസർ, ഫെയ്‍സ്‍ മാസ്ക്ക്, ഓക്സിജൻ സിലണ്ടറുകൾ, ഓക്സിജൻ കോൺസണ്ട്രേറ്റർ തുടങ്ങിയവയുമായി ബന്ധപ്പെട്ട അവിശ്വസനീയ ഓഫറുകൾ.
– സന്നദ്ധ സംഘടനകൾ, ആശുപത്രികൾ, മറ്റ് സംഘടനകൾ എന്നിവയിൽ നിന്നുള്ള കോവിഡ്-19 ദുരിതാശ്വാസ ഫണ്ട് സംഭാവനകൾക്കുള്ള അഭ്യർത്ഥനകൾ.
– ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം അവരുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരുടെയെങ്കിലും പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി സുഹൃത്തുക്കൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചശേഷം പണമാവശ്യപ്പെട്ട് മെസഞ്ചറിലൂടെ സന്ദേശമയക്കുന്ന തട്ടിപ്പ് രീതി.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ:
കോവിഡ്-19 മായി ബന്ധപ്പെട്ട് നിരവധി ആശയവിനിമയങ്ങളാണ് പല സ്രോതസ്സുകളിൽ നിന്നായി നടന്നുകൊണ്ടിരിക്കുന്നത്. ഇത് മുതലെടുത്ത് തട്ടിപ്പുകാരും ഇത്തരം ആശയവിനിമയങ്ങൾ തുടങ്ങിയിട്ടുണ്ട്. നിങ്ങളിലേക്ക് എത്തിച്ചേരാൻ തട്ടിപ്പുകാർ ഇപ്പോൾ ഇമെയിലിന് പുറമെ എസ്എംഎസ്, ഓട്ടോമേറ്റഡ് കോളുകൾ, വഞ്ചനാപരമായ വെബ്സൈറ്റുകൾ, ഫേസ്ബുക്, വാട്സാപ്പ്, മറ്റ് സമൂഹ മാധ്യമങ്ങൾ എന്നിവയും ഉപയോഗിക്കുന്നു.
തട്ടിപ്പ് എന്ന് തോന്നുന്ന സന്ദേശം നിങ്ങൾക്ക് ലഭിച്ചാൽ, മറ്റുള്ളവർക്കും ഇത് ലഭിച്ചിരിക്കാൻ ഇടയുണ്ട്. ഇമെയിൽ വിലാസം, ഫോൺ നമ്പർ, സന്ദേശത്തിലെ സംശയാസ്‍പദമായി തോന്നുന്ന ഭാഗം തുടങ്ങിയവ പകർത്തി നിങ്ങളുടെ സെർച്ച് എഞ്ചിനിൽ പരതി ഇവ മറ്റാരെങ്കിലും റിപ്പോർട്ട് ചെയ്‍തിട്ടുണ്ടോ എന്ന് പരിശോധിക്കാം.
ചില തട്ടിപ്പുകാർ അറിയപ്പെടുന്ന സന്നദ്ധ സംഘടനകളുടെ നല്ലപേര് ഉപയോഗിച്ചായിരിക്കും കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവനകൾ ചോദിക്കുന്നത്. ഇമെയിലിലൂടെയോ മെസേജിലൂടെയോ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‍ത് സംഭാവന നൽകുന്നതിന് പകരം, അറിയപ്പെടുന്ന സന്നദ്ധ സംഘടനകളാണെങ്കിൽ അവരുടെ വെബ്സൈറ്റ് സന്ദർശിച്ച് സംഭാവനകൾ അവിടെ നൽകാം.
നിങ്ങൾ ആവശ്യപ്പെട്ടിട്ടില്ലാത്ത ഒരു സേവനത്തിന് അധികവിവരങ്ങൾ ആവശ്യപ്പെട്ട് ആരെങ്കിലും ബന്ധപ്പെട്ടാൽ, കുറച്ച് സമയമെടുത്ത് അവർ ചോദിക്കുന്നത് എന്താണെന്ന് ആലോചിക്കുക. ലോഗിൻ വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, മേൽവിലാസം പോലെ മറ്റൊരാളുമായി പങ്കിടാൻ പാടില്ലാത്ത വിവരങ്ങൾ തട്ടിപ്പുകാർ ചോദിക്കും. ഇത്തരം തട്ടിപ്പുകാർ ബാങ്ക് ട്രാൻസ്‍ഫറോ വെർച്വൽ കറൻസിയോ മുഖേനെ പേയ്മെന്‍റ് നടത്താനും ആവശ്യപ്പെട്ടേക്കാം.
അറിയപ്പെടുന്ന വെബ്സൈറ്റുകളുടെ ലിങ്കിന് സമാനമായ രീതിയിൽ ഒന്നോ രണ്ടോ അക്ഷരങ്ങൾ കൂട്ടിച്ചേർത്തോ അല്ലെങ്കിൽ ചിലത് ഒഴിവാക്കിയോ ആണ് വ്യാജ ലിങ്കുകൾ സാധാരണ പ്രത്യക്ഷപ്പെടുന്നത്. “ഇവിടെ ക്ലിക്ക് ചെയ്യൂ” പോലുള്ളവ ഉണ്ടെങ്കിൽ അതിന് മുകളിൽ കർസർ വെച്ചോ അതിൽ ലോംഗ് പ്രസ് ചെയ്തോ URL-ഉം ടെക്‌സ്റ്റും പരിശോധിക്കാം – അതിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇമെയിൽ വിലാസത്തിലോ URL-ലോ അക്ഷരത്തെറ്റുകളോ അസാധാരമായ അക്ഷരങ്ങളോ അക്കങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അത് തട്ടിപ്പാണെന്ന കാര്യം ഓർക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.