ബെംഗളൂരു: കഴിഞ്ഞയാഴ്ച ചാംരാജ്‌നഗർ ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 24 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ മറ്റൊരു ഓക്സിജൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. സമയോചിതമായ ഇടപെടലിലൂടെ സോനു സൂദിന്റെ NGOയും പോലീസും ചേർന്നാണ് നഗരത്തിലെ ശ്രേയസ് ഹോസ്പിറ്റലിൽ മറ്റൊരു വൻ ഓക്സിജൻ ദുരന്തം ഒഴിവാക്കിയത്.
കോവിഡ് രോഗികളെ പരിചരിക്കുന്ന ശ്രേയസ് ഹോസ്പിറ്റലിൽ ബുധനാഴ്ച്ച രാത്രി 10.50ഓടെയാണ് ഓക്സിജൻ യൂണിറ്റിലുണ്ടായ ചോർച്ച ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. ഈ സമയത്ത് 30 കോവിഡ് രോഗികളാണ് ഓക്സിജന്റെ സഹായത്തോടെ അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ഓക്സിജൻ ചോർച്ച നിയന്ത്രണാതീതമായതിനാൽ വെറും ഒരു മണിക്കൂർ കൂടി മാത്രമേ ഈ രോഗികൾക്ക് ഓക്സിജൻ നല്കാനാവൂ എന്ന് മനസ്സിലാക്കിയ ഈ ഹോസ്പിറ്റലിലെ തന്നെ ഡോക്ടർ സമിറ്റ് അവിനാൽ സോനു സൂദിന്റെ NGOയെയും പോലീസിനെയും ബന്ധപ്പെടുകയായിരുന്നു.
ഓക്സിജൻ ചോർച്ചയെക്കുറിച്ച് രാത്രി 11മണിക്കാണ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ റീന സുവർണയ്ക്ക് സന്ദേശം ലഭിച്ചത്. “വിവരം അറിഞ്ഞയുടനെ ഞങ്ങൾ ആശുപത്രിയിൽ എത്തി. എന്നാൽ ഞങ്ങൾ എത്തുന്നതിന് മുൻപേ സോനു സൂദ് ചാരിറ്റി ഫൗണ്ടേഷനിലെ ജീവനക്കാർ ആവശ്യമുള്ള ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നുണ്ടായിരുന്നു. ഞങ്ങളും മറ്റ് ആസ്പത്രികളെയും പീനിയയിലുള്ള ഓക്സിജൻ പ്ലാന്റിനെയും ബന്ധപ്പെട്ട് 15 മിനിറ്റിനുള്ളിൽ കുറച്ച് സിലണ്ടറുകൾ എത്തിച്ചു. എല്ലാവരുടെയും സമയോചിതമായ കൂട്ടായ പ്രവർത്തനം മൂലം വലിയ ഒരു ദുരന്തമാണ് ഒഴിവാക്കാൻ കഴിഞ്ഞത്” അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
ഈ സംഭവത്തോടെ ആരാധകർക്കിടയിൽ വീണ്ടും ഹീറോ ആകുകയാണ് നടൻ സോനു സൂദ്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നിരവധി പേർക്ക് സഹായമായിരുന്നു സോനു സൂദിന്റെ ഇടപെടലുകൾ.
രാജ്യം കോവിഡ് രണ്ടാം തരംഗത്തോട് പൊരുതുമ്പോൾ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാൻ ഫ്രാൻസിൽ നിന്നും ഓക്‌സിജന്‍ പ്ലാൻറുകള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് താരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിൽ പ്ലാൻറുകൾ സ്ഥാപിക്കാനാണ് സോനു സൂദിന്റെ പദ്ധതി.
”ഓക്സിജന്‍ സിലിന്‍ററുകളുടെ അഭാവം മൂലം നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് നാം കണ്ടു. അതിന് പരിഹാരമാകാന്‍ ഇതിന് സാധിച്ചേക്കും. ഈ ഓക്സിജൻ പ്ലാന്‍റുകളില്‍ നിന്നും ഓക്സിജന്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യുക മാത്രമല്ല, ഓക്സിജൻ സിലിണ്ടറുകൾ നിറക്കാനും സാധിക്കും.” -സോനു സൂദ് പറഞ്ഞു.
ഔദ്യാഗിക അറിയിപ്പ് അനുസരിച്ച് ആദ്യത്തെ ഓക്സിജന്‍ പ്ലാന്‍റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും അത് 10 ദിവസത്തിനുള്ളില്‍ എത്തുമെന്നുമാണ് സൂചന. ”നാം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമയത്തിന്‍റേതാണ്. അതുകൊണ്ടുതന്നെ എല്ലാം കൃത്യ സമയത്ത് എത്തിച്ചേരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇനിയും ജീവനുകള്‍ പൊലിയാതിരിക്കാന്‍ പരിശ്രമിക്കാം.” സോനു സൂദ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപനം ആരംഭിച്ച കാലം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സോനു സൂദ്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്ത് അതിഥിതൊഴിലാളികൾക്ക് സംരക്ഷണമൊരുക്കിയും മറ്റും വാർത്തകളിൽ നിറഞ്ഞിരുന്നു താരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.