മൈസൂരു: ഇത്തവണ ഒരുദസറക്കാലംകൂടി ഈ ചരിത്രനഗരത്തിലേക്കെത്തുമ്പോൾ പക്ഷേ, ആഘോഷാരവങ്ങൾ ഓർമകളിലേക്കൊതുങ്ങും. പരമ്പരാഗതമായ ആചാരങ്ങൾക്ക് ഭംഗം വരാതെ ലളിതമായി ആഘോഷം നടത്താനാണ് തീരുമാനം.
ഇത്തവണ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദസറ ആഘോഷത്തിനെത്തുന്ന സഞ്ചാരികൾ നാമമാത്രമായി മാറുന്നതോടെ ടൂറിസംരംഗത്ത് ഉണ്ടാകാറുള്ള ചലനവും കുറയും. വിദേശത്തുനിന്നുൾപ്പെടെയുള്ള സഞ്ചാരികളെക്കൊണ്ടുനിറയുന്ന നഗരവീഥികളും തെരുവുകളും ഇക്കുറി കാണാനിടയില്ല. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് വിനോദസഞ്ചാരികൾ കാര്യമായി എത്താനുമിടയില്ല.
കോവിഡ് മഹാമാരിയുടെ വ്യാപനം തുടങ്ങിയ മാർച്ച് മാസം മുതൽ മൈസൂരുവിലെ മലയാളികളുടെ ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. മൈസൂരുവിൽ കോവിഡ് വ്യാപനവും മരണനിരക്കും ഉയരത്തിൽത്തന്നെ നിൽക്കുന്നത് ചരിത്രനഗരത്തിൽ ആശങ്ക പരത്തുന്നു. ഏതാനും മാസങ്ങളായി മൈസൂരുവിൽ മരണനിരക്ക് കുത്തനെ കൂടിവരികയാണ്. കഴിഞ്ഞയാഴ്ച മരണനിരക്ക് 3.9 ശതമാനമായി മാറി.
ഇത് ആഗോളതലത്തിലുള്ള കോവിഡ് മരണനിരക്കിനെക്കാൾ കൂടുതലാണെന്ന് തിങ്കളാഴ്ച മൈസൂരുവിൽ കോവിഡ് അവലോകനത്തിൽ പങ്കെടുക്കവേ മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ ചൂണ്ടിക്കാണിച്ചിരുന്നു. ആഗോളതലത്തിലുള്ള മരണനിരക്ക് 3.5 ശതമാനമാണ്. ദേശീയതലത്തിൽ ഇത് 1.6 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 1.5 ആണെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരു കഴിഞ്ഞാൽ രോഗവ്യാപനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് മൈസൂരുവാണ്. ആയിരത്തോളം പേർക്കാണ് ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നത്. മിക്ക ദിവസവും പത്തിലധികം പേരുടെ മരണവും റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിൽ കോവിഡ് വ്യാപനം കൂടിയതുപോലെ മൈസൂരുവിൽ ദസറയ്ക്കു ശേഷം സംഭവിക്കരുതെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ മുന്നറിയിപ്പു നൽകി. ജില്ലയിലെ കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓണാഘോഷത്തിന് നൽകിയ ഇളവുകളുടെ ഫലമായാണ് കേരളത്തിൽ രോഗവ്യാപനം ദിവസവും 7000-8000 എന്ന നിലയിലെത്തിയത്, അത് ഇപ്പോൾ 10,000വും കവിഞ്ഞു.
ഇതുപോലെ മൈസൂരുവിൽ ദസറക്കാലത്തിനുശേഷം സംഭവിക്കരുതെന്ന് മന്ത്രി പറഞ്ഞു. ദസറ ലളിതമായി ആഘോഷിക്കാനാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എല്ലാവരുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചാമുണ്ഡി ഹിൽസിലും മൈസൂർ കൊട്ടാരത്തിലുമായി ആഘോഷങ്ങൾ ചുരുക്കണമെന്നുള്ള അഭിപ്രായത്തിലാണ് മൈസൂർ നഗരസഭ അധികൃതർ. ദസറ ആഘോഷങ്ങളുടെ നടത്തിപ്പിനെകുറിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി ശ്രീരാമലു അറിയിച്ചു.
ಮೈಸೂರಿನಲ್ಲಿ ನಾಡ ಹಬ್ಬ ದಸರಾ ಆಚರಿಸುವಾಗ ಕೊರೊನ ಸೋಂಕು ಹರಡದಂತೆ ವಹಿಸಬೇಕಾದ ಸುರಕ್ಷಾ ಕ್ರಮಗಳ ಬಗ್ಗೆ ಮೈಸೂರು ಜಿಲ್ಲಾಧಿಕಾರಿಗಳ ಕಚೇರಿಯಲ್ಲಿ ಚರ್ಚೆ ನಡೆಸಲಾಯಿತು.
ಅರಮನೆ ಹಾಗೂ ಚಾಮುಂಡಿ ಬೆಟ್ಟಕ್ಕೆ ಸೀಮಿತವಾಗಿ ದಸರಾ ಆಚರಿಸಬೇಕೆಂಬ ಅಭಿಪ್ರಾಯ ಸಭೆಯಲ್ಲಿ ವ್ಯಕ್ತವಾಯಿತು. 1/3 pic.twitter.com/nhSBZcG13X
— B Sriramulu (Modi Ka Parivar) (@sriramulubjp) October 7, 2020
ഗ്രാമീണ ദസറ, യുവദസറ, കുട്ടികളുടെ ദസറ, കർഷകരുടെ ദസറ, വനിതകളുടെ ദസറ, യോഗ ദസറ, നാടൻ കലാപ്രദർശനങ്ങൾ, കായികമേള, നാടക-സിനിമാ പ്രദർശനങ്ങൾ തുടങ്ങി പത്തുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളൊന്നും ഇക്കുറിയുണ്ടാകില്ല. കൊട്ടാരത്തിനകത്ത് നടക്കേണ്ട പൂജകളും മറ്റുചടങ്ങുകളും മാത്രമായി ദസറ ചുരുങ്ങും.
മൈസൂരു ദസറയുടെ ചരിത്രത്തിലെ അപൂർവതയായി ഇത്തവണ ആൾക്കൂട്ടമില്ലാത്ത ആഘോഷത്തിന് നഗരം സാക്ഷിയാകും. കോവിഡ് മഹാമാരി ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളിലും മങ്ങലേല്പിച്ചു.
എന്നാൽ ദസറ ആഘോഷത്തിന്റെ ഭാഗമായി പാലസിന്റെ പരിസരത്തെ റോഡുകൾ വൈദ്യുത ദീപങ്ങളാൽ അലംകൃതമായി. റോഡിന്റെ ഇരുവശങ്ങളിലും മുകളിലും തോരണം തൂക്കിയതുപോലെ വൈദ്യുത ബൾബുകൾ തൂക്കിയിട്ടാണ് അലങ്കരിച്ചത്. റോഡരികിലെ മരങ്ങളിലും ദീപങ്ങൾ ചുറ്റി കമനീയമാക്കി.
അലങ്കാരപ്രവൃത്തികൾ പൂർത്തീകരിച്ച റോഡുകളിൽ കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതദീപങ്ങൾ തെളിയിച്ചു. സന്ധ്യയ്ക്കുശേഷം വിളക്കുകൾ തെളിഞ്ഞതോടെ റോഡുകൾ ശോഭായമാനമായി. ദസറ ആഘോഷം തുടങ്ങുന്ന ഒക്ടോബർ 17 മുതൽ എല്ലാദിവസവും ദീപങ്ങൾ പ്രകാശിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.