എവിടേക്കും സർവ്വീസ് നടത്താൻ തയ്യാറായി കർണാടക ആർ.ടി.സി; തുടരെ തുടരെ കത്തുകളയച്ചിട്ടു മറുപടിയില്ല; 3 വർഷം മുൻപത്തെ കരാറിന് അന്തിമ തീരുമാനമായില്ല;കേരളത്തിൻ്റെ അലംഭാവം സ്വകാര്യ ബസ് ലോബിയെ സഹായിക്കാനോ ?

ബെംഗളൂരു: ഈ കോവിഡിന് മുൻപ് കർണാടകയിൽ നിന്നും കേരളത്തിലേക്കും തിരിച്ചുള്ള യാത്രാ സൗകര്യത്തിൻ്റെ കാര്യത്തിൽ ആളുകൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ നിരവധി ആയിരുന്നു.

സർക്കാർ നിയന്ത്രണത്തിലുള്ള റെയിൽവേ, ബസ് സർവീസുകൾ കുറവായതിനാൽ വൻ നിരക്ക് ഈടാക്കുന്ന സ്വകാര്യ സർവീസുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു സാധാരണക്കാരന്.

അതേ സമയം അന്തർ സംസ്ഥാന യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പാതകളിൽ ബസ് സർവീസ് നടത്താമെന്ന് ഇരുസംസ്ഥാനങ്ങൾ തമ്മിൽ ഏർപ്പെട്ട കരാറിൽ മൂന്നുവർഷം കഴിഞ്ഞിട്ടും ഇതുവരെ തീരുമാനം ഒന്നും ആയില്ല.

കരാറിൽ പറഞ്ഞ പാതകളുടെ കാര്യത്തിൽ എത്രയുംവേഗം അന്തിമതീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കർണാടകം കഴിഞ്ഞദിവസം വീണ്ടും കേരളത്തിന് കത്തയച്ചിരുന്നു.

കരാറിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്ത് ബസ് സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം.

2017 ജൂലായിൽ ഏർപ്പെട്ട കരാറനുസരിച്ച് കേരള ആർ.ടി.സി.ക്ക് കർണാടകത്തിൽ പുതിയ ഏഴു പാതകളിലായി 4420 കിലോമീറ്ററും കർണാടക ആർ.ടി.സി.ക്ക് കേരളത്തിൽ അഞ്ച് പാതകളിലായി 4314 കിലോമീറ്ററും സർവീസ് നടത്താമെന്നായിരുന്നു ധാരണ.

എന്നാൽ, പിന്നീട് കരാറിൽ പറഞ്ഞ റൂട്ടുകളുടെ കാര്യത്തിൽ മാറ്റം ആവശ്യമുണ്ടെന്ന് കേരള ആർ.ടി.സി. സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് 2018 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന കേരള-കർണാടക ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ യോഗത്തിൽ കർണാടക ഉദ്യോഗസ്ഥർ പുതുക്കിയ പാതകളുടെ വിവരങ്ങൾ സമർപ്പിച്ചെങ്കിലും കേരളം പിന്നീട് സമർപ്പിക്കുമെന്നാണ് അറിയിച്ചത്.

എന്നാൽ, ഇതുവരെയും റൂട്ടുകളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ കേരളത്തിന് കഴിഞ്ഞിട്ടില്ല.

അന്തിമതീരുമാനമാവശ്യപ്പെട്ട് പലതവണ കർണാടകം കേരളത്തിന് കത്തയച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല.

ലോക്ഡൗൺ ഇളവുവന്നതോടെ അന്തസ്സംസ്ഥാന യാത്രക്കാർ കൂടിവരുന്ന സാഹചര്യത്തിലാണ് വീണ്ടും കേരളത്തിന് കത്തയച്ചിരിക്കുന്നത്.

കർണാടക ആർ.ടി.സി.ക്ക് ബെംഗളൂരു-പത്തനംതിട്ട, കുന്ദാപുര-തിരുവനന്തപുരം, കുന്ദാപുര-കോട്ടയം, മണിപ്പാൽ-എറണാകുളം, കൊല്ലൂർ-ഗുരുവായൂർ എന്നീ പാതകളിൽ സർവീസ് നടത്താമെന്നായിരുന്നു ആദ്യ ധാരണ.

കരാർ നടപ്പായാൽ ഇരു ആർ.ടി.സി.കൾക്കും ഏറെ സാമ്പത്തികലാഭമുണ്ടാകും.

ഉത്സവകാലങ്ങളിൽ ഇരു ആർ.ടി.സി.കളും ഇരുനൂറ്റമ്പതോളം സർവീസ് നടത്താമെന്നും കരാറിലുണ്ടായിരുന്നു.

ഈവർഷം ആദ്യം കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദ് തിരുവനന്തപുരത്തെത്തി മന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച നടത്തിയപ്പോൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us