ബെംഗളൂരു: ഈ മാസം 21ന് ഒമ്പതാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സംശയനിവാരണത്തിന് ആവശ്യമെങ്കിൽ സ്കൂളുകളിലെത്താമെന്ന തീരുമാനം അവസാനനിമിഷം പിൻവലിച്ചതോടെ സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടി.
കഴിഞ്ഞദിവസം പ്രാഥമിക വിദ്യാഭ്യാസമന്ത്രി സുരേഷ് കുമാർ അറിയിച്ചത് സംസ്ഥാനത്തെ സ്കൂളുകളും പി.യു. കോളേജുകളും 21 മുതൽ തുറക്കാമെങ്കിലും റെഗുലർ ക്ലാസുകൾ ആരംഭിക്കില്ലെന്നായിരുന്നു.
പക്ഷേ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഇപ്പോൾ സ്കൂളിലെത്തുന്നത് ഉചിതമല്ലെന്നും സെപ്റ്റംബർ അവസാനം വരെ വിദ്യാർഥികളെ സ്കൂളിലേക്ക് വരാൻ അനുവദിക്കരുതെന്നും ഞായറാഴ്ച സർക്കാർ വ്യക്തമാക്കി. 21 മുതൽ തുറക്കാമെന്ന അറിയിപ്പിനെ തുടർന്ന് സ്കൂളുകൾ അണുവിമുക്തമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു.
അവസാനനിമിഷം തീരുമാനം മാറ്റിയതോടെ ഒരുക്കങ്ങൾ വെറുതെയായെന്നും സർക്കാരിന്റെ തീരുമാനം വിദ്യാർഥികളെയും അധ്യാപകരെയും നിരാശപ്പെടുത്തിയെന്നും കർണാടക അസോസിയേറ്റഡ് മാനേജ്‌മെന്റ ഓഫ് സ്കൂൾ (കെ.എ.എം.എസ്.) ഭാരവാഹികൾ പറഞ്ഞു.
പാഠഭാഗങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ ഒമ്പത് മുതലുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പോകാമെന്നും വിദ്യാർഥികളുടെ സംശയങ്ങൾ തീർക്കാൻ ഒമ്പത്, പത്ത്, 11, 12 ക്ലാസുകളിലെ അധ്യാപകർ സ്കൂളിൽ ഉണ്ടായിരിക്കുമെന്നുമായിരുന്നു നേരത്തേ സർക്കാർ അറിയിച്ചിരുന്നത്. എങ്കിലും റെഗുലർ ക്ലാസ് പോലെയായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സ്വകാര്യ സ്കൂളുകളിൽ അധ്യാപകരായി ജോലി ചെയ്തിരുന്നവരിൽ ഭൂരിഭാഗം പേർക്കും ശമ്പളവും ലഭിച്ചിരുന്നില്ല. തുടർന്ന് മറ്റു പല ജോലിക്കുപോയിരുന്നവർ സ്കൂൾ തുറക്കുമെന്നറിഞ്ഞതോടെ പ്രതീക്ഷയിലായിരുന്നു. സെപ്റ്റംബർ 30-വരെ സ്കൂളുകൾ തുറക്കരുതെന്നും സ്കൂൾ തുറക്കാനുള്ള മാർഗനിർദേശം പിന്നീടറിയിക്കുമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.