ബെംഗളൂരു: ആഗസ്റ്റ് 12 നാണ് കേസിനാസ്പദമായ സംഭവം.
അനന്തപുരി സ്വദേശി സതീഷ് (27) വീട്ടിൽ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘത്തിൻ്റെ വെട്ടും കുത്തുമേറ്റ് അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
ഈ കേസിൽ കഴിഞ്ഞ ദിവസം ഗുണ്ടാസംഘം പിടിയിലായി.
.ഗിരിപുര, ത്യാഗരാജ നഗർ സ്വദേശികളായ അനിൽകുമാർ (28), വിനയ് (24), അരവിന്ദ് (24) എന്നിവരാണ് ചാമരാജ് പോലീസിൻ്റെ പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ചു പേരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പുറത്തു പോയിരുന്ന സതീഷിൻ്റെ മാതാവ് സ്ഥലത്തെത്തിയപ്പോൾ എട്ടംഗ സംഘം വീടിനു പുറത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർക്കുന്നതാണ് കണ്ടത്.
പിന്നീട് വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന സതീഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഇതേ പ്രദേശത്തെ താമസക്കാരനായിരുന്ന മറ്റൊരു ഗുണ്ടാ നേതാവിനെ ആക്രമിക്കാനായി എത്തിയതായിരുന്നു.
വീടുമാറിക്കയറിയ സംഘം ആളുമാറി സതീഷിനെ അക്രമത്തിനിരയാക്കുകയായിരുന്നു.
ചാമരാജ് പോലീസിൻ്റെ അന്വേഷണത്തിൽ സതീഷിന് ശത്രുക്കളൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു.
മുൻപ് കണ്ടു പരിചയമില്ലാത്തവരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്നുള്ള അമ്മയുടെ മൊഴിയനുസരിച്ച് നഗരത്തിലെ ഗുണ്ടാസംഘങ്ങളിലേക്ക് അന്വേഷണമെത്തുകയായിരുന്നു.
അനിൽകുമാറിൻ്റെ നേതൃത്വത്തിലെത്തിയ സംഘം ആക്രമത്തിനു ശേഷമായിരുന്നു ആളുമാറിയെന്ന് തിരിച്ചറിഞ്ഞത്. കവർച്ചയാണ് ലക്ഷ്യമെന്ന് തെറ്റിദ്ധരിപ്പിക്കാൻ സ്വർണ്ണവും പണവും എടുക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.