നിയന്ത്രണങ്ങൾ നീക്കാനുളള തീരുമാനം; പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്

ജനീവ: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാനുളള വിവിധ രാജ്യങ്ങളുടെ തീരുമാനം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.

നിയന്ത്രണങ്ങൾ നീക്കുന്നതിനെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്ന രാജ്യങ്ങൾ വൈറസ് വ്യാപനം അടിച്ചമർത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. വൈറസ് വ്യാപനത്തിന് കാരണമാകുന്ന കാര്യങ്ങൾ തടയുക, ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുക, സ്വയം സംരക്ഷിക്കുന്നതിനുളള നടപടികൾ ജനങ്ങൾ സ്വയം കൈക്കൊളളുക, രോഗബാധിതരെ വേഗത്തിൽ കണ്ടെത്തുകയും ഐസൊലേഷനിൽ പ്രവേശിപ്പിക്കുക, പരിശോധനകൾ നടത്തുക, രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ വേഗത്തിൽ കണ്ടെത്തുകയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്യുക എന്നീ കാര്യങ്ങൾ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് പറഞ്ഞു.

സംസ്ഥാനത്തും ആശങ്ക:

കർണാടകത്തിലേക്ക് തിരിച്ചെത്തുന്നവർക്ക് ക്വാറന്റീൻ അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയത് രോഗവ്യാപനത്തിനിടയാക്കുമെന്ന് ആശങ്ക.

കോവിഡ് തീവ്രാഘാതസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കിയത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിനിടയാക്കുമെന്നാണ് പരക്കെയുള്ള ആരോപണം.

സേവാസിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതിനാൽ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്നവരെ കണ്ടെത്താനാവില്ല.

രാജ്യത്തെ കോവിഡ് തീവ്രാഘാതസ്ഥലങ്ങളിൽനിന്നുള്ളവരെ നിരീക്ഷിക്കുന്ന സംവിധാനവും ഒഴിവാക്കി. ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമുള്ള കോവിഡ് പരിശോധനയും ഒഴിവാക്കിയിരിക്കുകയാണ്.

അന്തർസ്സംസ്ഥാന യാത്രക്കുള്ള നിയന്ത്രണം ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ക്വാറന്റീൻ ഒഴിവാക്കിയതാണ് പ്രശ്നത്തിന് കാരണം.

ബെംഗളൂരുവിലെ കോവിഡ് രോഗികളിൽ 60 ശതമാനത്തിനും രോഗലക്ഷണമില്ല. ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന രോഗലക്ഷണമില്ലാത്ത രോഗികളെ കണ്ടെത്താൻ കഴിയില്ല. ലക്ഷണമുള്ളവർമാത്രം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടാൽ മതി.

ഇതര സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് നേരിട്ട് ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. ഇത് രോഗവ്യാപനത്തിനിടയാക്കുമെന്നും ആരോപണമുണ്ട്.

ക്വാറന്റീനിൽ കഴിയുന്നവരുടെ വിവരങ്ങൾ പരിസരവാസികളെ അറിയിച്ചിരുന്നു. ഇവരുടെ വീടിന് മുന്നിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിലൂടെ ക്വാറന്റനീൽ കഴിയുന്നവരുമായി സാമൂഹിക അകലം പാലിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്.

നഗരത്തിൽ രോഗവ്യപനത്തിന് കുറവില്ല. സംസ്ഥാനത്ത് കൂടുതൽ രോഗികളുള്ളതും നഗരത്തിലാണ്.  രോഗമുക്തി കൂടിയതാണ് ഏക ആശ്വാസം. നിലവിൽ കൺടെയ്‌ൻമെന്റ് സോണുകളിൽ മാത്രമാണ് നിയന്ത്രണമുള്ളത്.

നഗരത്തിലിറങ്ങുന്നവരുടെ എണ്ണവും കൂടി. കടകളും വ്യവസായ സ്ഥാപനങ്ങളും സാധാരണപ്പോലെ പ്രവർത്തിക്കുന്നു. നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നു തിരിച്ചെത്തുന്നവരെ നിരീക്ഷിക്കാനും പരിശോധന നടത്താനും കഴിയുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us