ബെംഗളൂരു: തലക്കാവേരിയിൽ ഉരുള്‍ പൊട്ടലിൽ മരിച്ച മുഖ്യപൂജാരിയെ സംസ്‌കരിച്ചു. ഉരുള്‍ പൊട്ടി മണ്ണിനടിയിലായ ക്ഷേത്രാധിപതിയും മുഖ്യ പൂജാരിയുമായിരുന്ന ടിഎസ് നാരായണ ആചാര്യരുടെ മൃതദേഹം അദ്ദേഹത്തിന്‍റെ ഇഷ്ടമണ്ണിലാണ് സംസ്‌കരിച്ചത്.
മുഖ്യ പൂജാരിയുമായിരുന്ന ടിഎസ് നാരായണ ആചാര്‍ താമസിച്ച പുരാതന ഭവനത്തില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ നാഗതീര്‍ത്ഥയില്‍ ചീഞ്ഞളിഞ്ഞ നിലയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ കേന്ദ്ര ദുരന്ത നിവാരണ സേന മൃതദേഹം പുറത്തെടുത്തത്.
ഭാഗമണ്ഡല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം വൈകീട്ട് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. അവസാന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ മക്കളെത്തിയിരുന്നു.
മൂന്നുപേരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു. നാരായണ ആചാരുടെ ഭാര്യ ശാന്ത(70), ക്ഷേത്രത്തിലെ മറ്റുരണ്ടു പൂജാരികളായ കിരൺ(26), ശ്രീനിവാസ്(30) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
പ്രതികൂല കാലാവസ്ഥയിലും ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചരാത്രിയാണ് ദുരന്തമുണ്ടായത്. ദിവസങ്ങൾ നീണ്ടുനിന്ന അതിശക്തമായ മഴയിൽ തലക്കാവേരി ക്ഷേത്രത്തിനുസമീപത്തുനിന്ന് മലയുടെ ഒരുഭാഗം ഉരുൾപൊട്ടിയെത്തി നാരായണ ആചാറുടേതുൾപ്പെടെ രണ്ടുവീടുകളെ ഒഴുക്കിക്കൊണ്ടുപോകുകയായിരുന്നു.
നാരായണ ആചാറുടെ വീട്ടിലുണ്ടായിരുന്ന അഞ്ചുപേരാണ് മണ്ണിനടിയിൽപ്പെട്ടത്. സമീപത്തുള്ള വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ദുരന്തമേഖലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിൽ തടസ്സപ്പെട്ടുകിടന്നതും വെള്ളപ്പൊക്കവുംമൂലം രക്ഷാപ്രവർത്തനം കാര്യമായി നടന്നത് രണ്ടുദിവസം വൈകിയാണ്.
ശക്തമായി തുടർന്ന മഴയും കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിലിന് തടസ്സമായി. ശനിയാഴ്ചയോടെ മാത്രമാണ് കാര്യക്ഷമമായ തിരച്ചിൽ തുടങ്ങാനായത്. നാരായണ ആചാറുടെ വീടിരുന്നതിനുതാഴെ ഭാഗങ്ങളിൽ മണ്ണുമാന്തി കൊണ്ട് മണ്ണും ചെളിയും ഇളക്കിമാറ്റി പരിശോധന തുടർന്നുവരുന്നു.
ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന ദുരന്തനിവാരണസേന, പോലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ്, നാട്ടുകാർ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്