ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ അവഹേളനം; കനിമൊഴിക്ക് പിന്തുണയുമായി എച്ച്.ഡി കുമാരസ്വാമി

ബെംഗളൂരു: കനിമൊഴി എന്ന സഹോദരിക്ക് നേരിടേണ്ടിവന്ന അവഹേളനത്തിനെതിരെ താൻ ശബ്ദമുയർത്തും; കനിമൊഴിക്ക് പിന്തുണയുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.

ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ അവഹേളനം നേരിടേണ്ടിവന്നുവെന്ന് കനിമൊഴി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

ഹിന്ദി അറിയില്ലെന്നും, അതിനാൽ ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ട താൻ ഇന്ത്യക്കാരിയാണോ എന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ചോദിച്ചുവെന്നാണ് കനിമൊഴി വെളിപ്പെടുത്തിയിട്ടുള്ളത്.

ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാക്കൾക്ക് അവസരങ്ങൾ നഷ്ടമായതിനെപ്പറ്റി പറയാനുള്ള ഉചിതമായ സമയമാണ് ഇത്. നിങ്ങൾ ഇന്ത്യക്കാരിയാണോ എന്ന ചോദ്യമാണ് കനിമൊഴിക്ക് നേരിടേണ്ടി വന്നത്. കനിമൊഴി എന്ന സഹോദരിക്ക് നേരിടേണ്ടിവന്ന അവഹേളനത്തിനെതിരെ താൻ ശബ്ദമുയർത്തുമെന്ന് കുമാരസ്വാമി പറഞ്ഞു.

പ്രധാനമന്ത്രി ആയിരിക്കെ 90-കളിൽ തന്റെ പിതാവ് ദേവഗൗഡ സ്വാതന്ത്ര്യ ദിനത്തിൽ ഹിന്ദിയിൽ പ്രസംഗിക്കാൻ നിർബന്ധിതനായി. ബിഹാറിൽനിന്നും ഉത്തർപ്രദേശിൽനിന്നുമുള്ള കർഷകരെ ഓർത്താണ് തന്റെ പിതാവ് അന്ന് സമ്മർദ്ദത്തിന് വഴങ്ങിയത്. ഹിന്ദി രാഷ്ട്രീയത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആ സംഭവം.

ഹിന്ദിയുടെ പ്രചാരം വർധിപ്പിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സർക്കാർ ഇന്ത്യയിലും വിദേശത്തും ചിലവഴിക്കുന്നത്. രാജ്യത്തെ എല്ലാ ഭാഷകൾക്കും ബഹുമാനം ലഭിക്കുന്നതിനായി പോരാട്ടംതന്നെ ആവശ്യമായിരിക്കുന്നുവെന്നും എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

ബാങ്കുകൾ അടക്കമുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി കിട്ടുന്നതിനുള്ള പരീക്ഷയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും മാത്രമാണ് തിരഞ്ഞെടുക്കാൻ കഴിയുക. കന്നഡക്കാർ അടക്കമുള്ളവർക്ക് ഇതുമൂലം തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നു. ഈ സ്ഥിതിക്ക് മാറ്റംവരേണ്ടതുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us