ബെംഗളുരു; മയ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്, സാഹചര്യങ്ങളുടെ സമ്മർദത്തിലാണ് ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കേണ്ടിവന്നതെന്ന് ബെംഗളൂരു രാഘവേന്ദ്ര സഹകരണ ബാങ്ക് മുൻ സി.ഇ.ഒ. വാസുദേവ മയ്യയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. കൂടാതെ ചില ഇടപാടുകളെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ടെന്നാണ് സൂചന. മയ്യയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയ കാറിൽനിന്നുതന്നെയാണ് ആറുപേജുള്ള ആത്മഹത്യക്കുറിപ്പും ലഭിച്ചത്.
കൈയക്ഷരം മയ്യയുടേതുതന്നെയാണെന്ന് ഭാര്യ സ്ഥിരീകരിച്ചിട്ടുണ്ട്. കുറിപ്പ് വിദഗ്ധപരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചു , ഗുരു രാഘവേന്ദ്ര സഹകരണബാങ്കിലെ 1400 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുൻ സി.ഇ.ഒ. വാസുദേവ മയ്യ(71)യെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
1400 കോടിയോളം രൂപ അറുപതോളം വൻകിട ഇടപാടുകാർക്ക് അനധികൃതമായി വായ്പ നൽകിയെന്ന കേസിലാണ് ഇദ്ദേഹവും ബാങ്കിന്റെ ചെയർമാനും ഉൾപ്പെടെയുള്ളവർ അന്വേഷണം നേരിടുന്നത്.
ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിൽ ബാങ്കിന്റെ ഇടപാടുകൾ താത്കാലികമായി നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ജൂൺ 18-ന് ഇദ്ദേഹത്തിന്റെ വീട്ടിൽ അഴിമതിവിരുദ്ധബ്യൂറോ പരിശോധന നടത്തിയിരുന്നു. ചില രേഖകൾ ഇവിടെനിന്ന് കണ്ടെടുക്കുകയുംചെയ്തു. ഇതോടെ വാസുദേവ മയ്യ കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടോടെ ചിക്കസാന്ദ്രയിലെ വീടിനുസമീപത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് വാസുദേവ മയ്യയെ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. വഴിയാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് സുബ്രഹ്മണ്യപുര പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഉഡുപ്പി കോട്ട സ്വദേശിയാണ് മയ്യ. 2012 മുതൽ 2018 വരെയുള്ള കാലയളവിൽ അനുവദിച്ച വായ്പകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
ഇക്കാലയളവിൽ വാസുദേവ മയ്യയായിരുന്നു ബാങ്കിന്റെ സി.ഇ.ഒ. കഴിഞ്ഞവർഷം സ്ഥാനമൊഴിഞ്ഞശേഷം പുതിയ സി.ഇ.ഒ. സ്ഥാനമേറ്റെടുത്തതോടെയാണ് ക്രമക്കേടുകൾ പുറത്തുവന്നത്. ഐ.എം.എ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നഗരത്തിൽ ആത്മഹത്യ ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.