ബെംഗളൂരു: കർണാടക ആരോഗ്യവകുപ്പുമന്ത്രി ബി. ശ്രീരാമുലുവിന്റെ മകൾ രക്ഷിതയുടെയും ഹൈദരാബാദ് വ്യവസായി ലളിത് സഞ്ജീവ് റെഡ്ഡിയുടെയും വിവാഹം പതിനായിരങ്ങളെ സാക്ഷിയാക്കി ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ നടന്നു.
വ്യാഴാഴ്ച രാവിലെ ഏഴിനും ഒമ്പതിനും ഇടയിൽ ഹംപിയിലെ വിരുപാക്ഷ ക്ഷേത്രത്തിന്റെ മാതൃകയിൽ തീർത്ത വേദിയിലാണ് വിവാഹം നടന്നത്.
ആഡംബര കാറുകളുടെയും കുതിരകളുടെയും അകമ്പടിയോടെ ഘോഷയാത്രയോടെയാണ് വ്യാഴാഴ്ച രാവിലെ പാലസ് ഗ്രൗണ്ടിൽ വിവാഹച്ചടങ്ങ് ആരംഭിച്ചത്.
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഗവർണർ വാജുഭായി വാല, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുൻ മന്ത്രി ഡി.കെ. ശിവകുമാർ, ഖനി വ്യവസായിയും ബി.ജെ.പി. നേതാവുമായ ജനാർദന റെഡ്ഡി തുടങ്ങിയവർ വിവാഹത്തിനെത്തി.
പാലസ് ഗ്രൗണ്ടിലെ 40 ഏക്കർ സ്ഥലത്ത് കർണാടകത്തിലെ ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള മാതൃകകൾ ഒരുക്കിയിരുന്നു. വിവാഹത്തിന് 500 കോടിയോളം രൂപ ചെലവാക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യം ശ്രീരാമുലു നിഷേധിച്ചിട്ടുണ്ട്.