ബെംഗളൂരു:പൗരത്വനിയമ ഭേദഗതിക്കെതിരേയും ദേശീയ പൗരത്വപ്പട്ടികയ്ക്കെതിരേയും നാടകം അവതരിപ്പിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്കൂൾ പ്രധാനാധ്യാപികയെയും വിദ്യാർഥിയുടെ അമ്മയെയും എ.ഐ.എം.ഐ.എം. പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി സന്ദർശിച്ചു.
അറസ്റ്റിലായ രണ്ടുപേരുടെയും ആരോഗ്യനില മോശമാണെന്നും ഏറെ വിഷമത്തിലാണെന്നും ഒവൈസി പറഞ്ഞു.
ബീദർ പോലീസ് സൂപ്രണ്ട് ഡി.എൽ. നാഗേഷിനെ സന്ദർശിച്ച് ഒവൈസി ചർച്ചനടത്തി.
പ്രധാനമന്ത്രിയെ വിമർശിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് എങ്ങനെയാണെന്നും ജനാധിപത്യത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു.
നാടകം അവതരിപ്പിച്ച സ്കൂൾ മാനേജ്‌മെന്റിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും (52) വിദ്യാർഥിയുടെ അമ്മയെയും അറസ്റ്റുചെയ്തത്.
വടക്കൻ കർണാടകത്തിലെ ബീദറിലെ ഷഹീൻ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിനെതിരേയാണ് പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.