ന്യൂഡൽഹി: 2020ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ ജോർജ് ഫെർണാണ്ടസ്, അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരുൾപ്പെടെ ഏഴുപേർക്ക് പത്മവിഭൂഷൺ നൽകി ആദരിക്കും. ബോക്സിങ് താരം മേരി കോം, ഛന്നുലാൽ മിശ്ര, അനിരുദ്ധ് ജഗന്നാഥ് ജി.സി.എസ്.കെ, പെജവാർ മഠാധിപതി വിശ്വേശതീർഥ (മരണാനന്തരം) എന്നിവരാണ് പത്മവിഭൂഷണിന് അർഹരായ മറ്റുള്ളവർ.
കേരളത്തിൽനിന്നുള്ള ശ്രീ എം, എൻ.ആർ.മാധവ മേനോൻ(മരണാനന്തരം) എന്നിവരുൾപ്പെടെ പതിനാറുപേർ പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റൺ താരം പി.വി. സിന്ധു തുടങ്ങിയവരാണ് പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായ മറ്റുപ്രമുഖർ.
കേരളത്തിൽനിന്നുള്ള നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി, സാമൂഹികപ്രവർത്തക എം.കെ. കുഞ്ഞോൾ, സസ്യവർഗീകരണ ശാസ്ത്രജ്ഞൻ കെ.എസ്.മണിലാൽ, സാഹിത്യകാരൻ എൻ. ചന്ദ്രശേഖരൻ നായർ, സാമൂഹികപ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂർ എന്നിവർ ഉൾപ്പെടെ 116പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി.
നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതൽ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവർത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പത്മശ്രീ നൽകി ആദരിച്ചത്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി. കേരളത്തിൽ ജനിച്ച സത്യനാരായണൻ കഴിഞ്ഞ നാൽപ്പതുവർഷമായി അരുണാചൽ പ്രദേശിലാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണമേഖലയിൽ വായനശാലകൾ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്കാരം ലഭിച്ചത്.