ബെംഗളൂരു: ദേശീയ പൗരത്വപ്പട്ടിക, പൗരത്വനിയമ ഭേദഗതി എന്നിവയ്ക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർക്കെതിരേയും ചർച്ച്സ്ട്രീറ്റിൽ ചുവരെഴുത്തുകൾ.
ചർച്ച്സ്ട്രീറ്റിലെ മതിലുകലിലും കടകളുടെ ഷട്ടറുകളിലും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സ്പ്രേ പെയിന്റ് ഉപയോഗിച്ചുള്ള വരകളിൽ ചിലത് പ്രകോപനപരമായതിനാൽ കബൺപാർക്ക് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.
കശ്മീരിനെ സ്വതന്ത്രമാക്കണം, ഫാസിസ്റ്റ് മോദി രാജിവെക്കണം, പൗരത്വനിയമ ഭേദഗതിവേണ്ട, ദേശീയ പൗരത്വപ്പട്ടിക വേണ്ട, പൗരത്വം തെളിയിക്കാൻ രേഖകൾ കാണിക്കില്ല, ബി.ജെ.പി. കാൻസർ ആണ് എന്നിങ്ങനെയായിരുന്നു ചുവരെഴുത്തുകൾ. ബ്രിഗേഡ് റോഡിൽനിന്ന് ചർച്ച് സ്ട്രീറ്റിലേക്കുള്ള കവാടം മുതൽ 200 മീറ്റർ ദൂരത്തിലാണ് ചുവരെഴുത്തുകൾ കാണപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് ചുവരെഴുത്തുകൾ വരച്ചതെന്ന് സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചശേഷം പോലീസ് വ്യക്തമാക്കി. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ ചർച്ച് സ്ട്രീറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ മധ്യപ്രദേശിൽ പറഞ്ഞതിന്റെ പിറ്റേദിവസമാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
മുമ്പും ഇതുപോലെ നഗരത്തിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പൗരത്വനിയമ ഭേദഗതിക്കും പൗരത്വ പട്ടികയ്ക്കുമെതിരേ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് ചർച്ച് സ്ട്രീറ്റിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ, ചുവരെഴുത്തുകൾക്ക് പിന്നിലുള്ളവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ രംഗത്തെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.