നിയന്ത്രണം വിട്ട ബി.എം.ടി.സി ബസ് 6 ബൈക്കുകളും 2 ഓട്ടോറിക്ഷകളും ഇടിച്ച് തെറിപ്പിച്ചു;ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചു;10 പേര്‍ക്ക് പരിക്കേറ്റു.

ബെംഗളൂരു:  സുമനഹള്ളിക്ക് സമീപം കൊട്ടിഗെപാളയയിൽ ബിഎംടിസി ബസ് നിയന്ത്രണംവിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. 6 ബൈക്കുകളിലും 2 ഓട്ടോറിക്ഷകളിലും  ഇടിച്ച ശേഷം 200 മീറ്റർ  മാറിയാണ് ബസ് നിന്നത്. ബൈക്ക് യാത്രക്കാരായ ബൈലപ്പ (43), വിശേശ്വര ആരാധ്യ (48) എന്നിവരാണ് മരിച്ചത്.

അപകടത്തിനിടയാക്കിയത് ബ്രേക്ക് തകരാറാണെന്ന് ബിഎംടിസി വെളിപ്പെടുത്തി.ഇന്നലെ  രാവിലെ 9.30നായിരുന്നു അപകടം.  മാധനായകനഹള്ളിയിൽ നിന്ന് മജസ്റ്റിക് ബസ് ടെർമിനലിലേക്ക് വന്ന റൂട്ട് നമ്പർ 245 എം ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു.

ബിഎംടിസി  ബസുകളുടെ ശോച്യാവസ്ഥയും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തുന്നതിലെ വീഴ്ചയുമാണ് ഇത്തരം അപകടങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന ആരോപണം ശക്തം.2 വർഷം മുൻപ് മൈസൂരു റോഡ് കസ്തൂർബ കോളജിന് സമീപം ബിഎംടിസി ബസിടിച്ച് 2  കോളജ് വിദ്യാർഥികൾ മരിച്ചപ്പോഴും ബസിന്റെ ബ്രേക്ക് തകരാർ തന്നെയായിരുന്നു കാരണം.

പഴക്കമേറിയ ബസുകൾ  അറ്റകുറ്റപ്പണി  നടത്താതെ സർവീസിനിറക്കുന്നതു സംബന്ധിച്ച് യാത്രക്കാരിൽ നിന്ന് വ്യാപക പരാതികളാണ് ലഭിക്കുന്നത്. 8 ലക്ഷം കിലോമീറ്റർ ഓടിയ ശേഷമേ ബസുകൾ ബിഎംടിസി പൊളിച്ചുവിൽക്കാറുള്ളു.

ബസിന്റെ തകരാർ സംബന്ധിച്ച് ജീവനക്കാർക്ക് പരാതി നൽകാൻ  ഡിപ്പോകളിൽ ലോഗ് ബുക്ക്  വേണമെന്നാണ് ചട്ടമെങ്കിലും പലയിടങ്ങളിലും ഇത് പാലിക്കാറില്ല.

ബിഎംടിസിയുടെ 6450 ബസുകളാണ് ബെംഗളൂരു നഗര, ബെംഗളൂരു ഗ്രാമ ജില്ലകളിലായി സർവീസ് നടത്തുന്നത്. ഇതിൽ 40 ശതമാനം മാത്രമാണ് ഒരു ലക്ഷത്തിൽ താഴെ മാത്രം ഓടിയവ. കഴിഞ്ഞ 5 വർഷത്തിനിടെ  ബിഎംടിസിയുടെ വരുമാനത്തിൽ കുറവ് വന്നതോടെ സ്പെയർ പാർട്സുകൾ വാങ്ങുന്നതിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി.

ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിച്ചതോടെ  അറ്റകുറ്റപ്പണികൾക്ക് ആവശ്യത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്നാണ് മാനേജ്മെന്റ് വിശദീകരണം.

ബിഎംടിസി പുത്തൻ ബസുകളിലേറെയും ചാർട്ടർ സർവീസുകളായതോടെ യാത്രക്കാർക്ക് ആശ്രയം പഴഞ്ചൻ ബസുകൾ. രാവിലെയും വൈകിട്ടും വിവിധ പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനികൾ, സ്കൂളുകൾ എന്നിവയ്ക്കായി കരാർ വ്യവസ്ഥയിലാണ് ബിഎംടിസി സർവീസ് നടത്തുന്നത്.

പുതിയ 250 ബസുകളാണ് ചാർട്ടർ സർവീസിനായി മാറ്റിയത്. പതിവ് ട്രിപ്പുകളേക്കാൾ പ്രതിമാസം മികച്ച വരുമാനമുള്ളതിനാൽ ചാർട്ടർ സർവീസുകൾ പ്രോത്സാഹിപ്പിക്കാനാണ് മാനേജ്മെന്റിനും താൽപര്യം. പഴയ ബസുകൾ കേടായി വഴിയിൽ കിടക്കുന്നതും പതിവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us