ബെംഗളൂരു: നഗരത്തിൽ ഉള്ളിവില 200-ൽ എത്തി. മികച്ച ഗുണമേന്മയുള്ള ഉള്ളിക്ക് 200 രൂപയാണ് ഞായറാഴ്ച നഗരത്തിലെ ഹൈപ്പർ മാർക്കറ്റുകളിൽ ഈടാക്കിയത്. ചെറുകിട കച്ചവടകേന്ദ്രങ്ങളിൽ 140 മുതലാണ് വിൽപ്പന.
എന്നാൽ ഇവയ്ക്ക് മതിയായ ഗുണനിലവാരമില്ലെന്നാണ് പരാതി. പൂഴ്ത്തിവെപ്പിനെത്തുടർന്നാണ് വില കുത്തനെ കൂടിയതെന്ന സംശയത്തെത്തുടർന്ന് കഴിഞ്ഞദിവസം സ്വകാര്യ സംഭരണകേന്ദ്രങ്ങളിലും കച്ചവടകേന്ദ്രങ്ങളിലും അഴിമതി വിരുദ്ധ ബ്യൂറോ പരിശോധന നടത്തിയിരുന്നു.
എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ദിവസം 1.39 ലക്ഷം ടൺ ഉള്ളി നഗരത്തിലെത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 36,000 ടണ്ണാണ് എത്തുന്നത്. വടക്കൻ കർണാടകയിൽനിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള ഉള്ളിവരവ് കുത്തനെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.
ഈ മാസം പകുതിക്കുശേഷം ഈജിപ്തിൽനിന്നും തുർക്കിയിൽനിന്നും ഉള്ളിയെത്തിയാൽ വിലയിൽ കുറവുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഉള്ളിയുടെ ഉപഭോഗം കുറഞ്ഞതായും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളും വാങ്ങുന്ന ഉള്ളിയുടെ അളവ് കുറച്ചു. അതേസമയം പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.