ബെംഗളൂരു: നഗരത്തിൽ ദമ്പതിമാരെ കൊന്ന് കവർച്ച; ടാക്സി ഡ്രൈവറും ഭാര്യയും അറസ്റ്റിൽ. കടംവീട്ടാനുള്ള പണത്തിനുവേണ്ടി ദമ്പതിമാരെ കൊലപ്പെടുത്തിയ ടാക്സി ഡ്രൈവറെയും ഭാര്യയെയും പോലീസ് അറസ്റ്റുചെയ്തു.
ബെംഗളൂരു അമൃതഹള്ളി സ്വദേശികളായ സി.എച്ച്. വെങ്കടേഷ് (30), ഭാര്യ അർപ്പിത (21) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലും മാണ്ഡ്യയിലുമായാണ് നാലുപേരെ ഇവർ കൊലപ്പെടുത്തിയതെന്ന് മഹാദേവപുര പോലീസ് പറഞ്ഞു. മക്കളില്ലാത്ത ദമ്പതികളെയാണ് കൊലപ്പെടുത്തിയത്.
ഓൺലൈൻ ടാക്സി ഡ്രൈവറായ വെങ്കടേഷിന് 10 ലക്ഷം രൂപ കടമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ മാസം 16-ന് ബെംഗളൂരു ആർ.എച്ച്.ബി. കോളനിയിൽ ദമ്പതിമാരെ വെങ്കടേഷും അർപ്പിതയുംചേർന്ന് കൊലപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും നേരത്തേ മാണ്ഡ്യയിലെ കെ.ആർ. പേട്ടിൽ വേറെ ദമ്പതിമാരെ കൊലപ്പെടുത്തിയതായി തെളിഞ്ഞത്.
ആർ.എച്ച്.ബി. കോളനിയിൽ താമസിച്ചിരുന്ന ചന്ദ്രെഗൗഡ(63), ഭാര്യ ലക്ഷ്മമ്മ(55) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ലക്ഷ്മമ്മയുടെ അകന്ന ബന്ധുകൂടിയായ വെങ്കടേഷാണ് കൊലയ്ക്കുപിന്നിലെന്ന് വെളിപ്പെട്ടത് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്.
ഒരുമാസംമുമ്പ് വെങ്കടേഷും അർപ്പിതയും മൈസൂരുവിലെ ഒരു വിവാഹച്ചടങ്ങിൽവെച്ച് ദമ്പതിമാരെ നോട്ടമിട്ടിരുന്നു. ലക്ഷ്മമ്മയുടെ ആഭരണങ്ങൾ ശ്രദ്ധിച്ച ഇരുവരും ഇതു തട്ടിയെടുക്കാൻ പദ്ധതിയിട്ടു.
പിന്നീട് രണ്ടുതവണ ഇവരുടെ വീട്ടിലെത്തി പരിചയം പുതുക്കുകയും വിശ്വാസം നേടിയെടുക്കുകയുംചെയ്തു. ഒക്ടോബർ 16-ന് വെങ്കടേഷും അർപ്പിതയും ചന്ദ്രെഗൗഡയുടെ വീട്ടിലെത്തി സ്പാനർകൊണ്ട് തലയ്ക്കടിച്ച് ദമ്പതിമാരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് ആഭരണങ്ങളും പണവുമായി രക്ഷപ്പെട്ടു. മല്ലേശ്വരത്തെ ആഭരണക്കടയിൽ 8.6 ലക്ഷം രൂപയ്ക്കാണ് ആഭരണങ്ങൾ വിറ്റത്. തുടർന്ന് ദക്ഷിണ കന്നഡയിലെ സുഹൃത്ത് ഗൗതമിന്റെ വീട്ടിൽ അഭയംതേടുകയായിരുന്നു. ഇവിടെവെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.
മാണ്ഡ്യ കെ.ആർ. പേട്ട് താലൂക്കിലെ വൃദ്ധദമ്പതിമാരായ ഗുണ്ടെഗൗഡയെയും ലളിതമ്മയെയും സമാനരീതിയിൽ ഇവർ കൊലപ്പെടുത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നുവർഷംമുമ്പ് വിവാഹിതരായ വെങ്കടേഷിനും അർപ്പിതയ്ക്കും ഒന്നരവയസ്സുള്ള മകളുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.