വിദ്യാർഥിയുടെ ആത്മഹത്യ: അമൃത സ്കൂൾ ഓഫ് എൻജിനിയറിങ് അധികൃതരുടെ പേരിൽ കേസെടുത്തു

ബെംഗളൂരു: ബെലന്ദൂരിലെ അമൃത സ്കൂൾ ഓഫ് എൻജിനിയറിങ് കെട്ടിടത്തിന്റെ മുകളിൽനിന്ന് വിദ്യാർഥി ചാടിമരിച്ച സംഭവത്തിൽ കോളേജ് അധികൃതർക്കെതിരേ ബെംഗളൂരു പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.

മരിച്ച വിദ്യാർഥി ശ്രീഹർഷ(22)യുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നാംവർഷ എൻജിനിയറിങ് വിദ്യാർഥിയും വിശാഖപട്ടണം സ്വദേശിയുമായ ശ്രീഹർഷ കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യചെയ്തത്.

ഡയറക്ടർ ധൻരാജ്, അസോസിയേറ്റ് ഡയറക്ടർ എസ്.ജി. രാകേഷ്, ഹോസ്റ്റൽ വാർഡൻ ബി.എൽ. ഭാസ്കർ, അച്ചടക്കസമിതി അംഗങ്ങളായ ഏഴ് അധ്യാപകർ എന്നിവർക്കെതിരേയാണ് ആത്മഹത്യാപ്രേരണക്കുറ്റം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

കോളേജ് ഹോസ്റ്റലിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് സെപ്റ്റംബർ അവസാനം സമരംനടത്തിയ ശ്രീഹർഷ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കെതിരേ കോളേജ് അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. സമരത്തിനിടെ വിദ്യാർഥികൾ കോളേജ് ബസിന്റെ ചില്ല് തകർത്തെന്ന് ആരോപിച്ചായിരുന്നു നടപടി.

ശ്രീഹർഷയ്ക്ക് കാന്പസ് റിക്രൂട്ട്‌മെന്റിലൂടെ ലഭിച്ച ജോലി തടഞ്ഞുവെക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതിൽ മനംനൊന്താണ് ശ്രീഹർഷ ആത്മഹത്യചെയ്തതെന്നാണ് വിദ്യാർഥികളുടെ പരാതി. സംഭവത്തെത്തുടർന്ന് വിദ്യാർഥികൾ കോളേജിനുമുന്നിൽ സമരത്തിലാണ്.

ഒരാഴ്ച കോളേജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാർഥികൾ പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും പരപ്പന അഗ്രഹാര പോലീസ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് കോളേജ് അധികൃതർ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us