ബെംഗളൂരു: ഈമാസം മൂന്നിന് പുലർച്ചെയാണ് തിരുച്ചിറപ്പള്ളിയിൽ ജൂവലറിയുടെ ഭിത്തി തുരന്ന് 13 കോടി രൂപ വിലമതിക്കുന്ന 28 കിലോ ആഭരണങ്ങൾ കവർന്നത്. ഇതിൽ അഞ്ചുകിലോയോളം സ്വർണം നേരത്തേ പിടിയിലായവരിൽനിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.
ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങിയ മുഖ്യപ്രതി തിരുവാരൂർ മുരുകൻ കർണാടക പോലീസുമായി ചേർന്ന്, തമിഴ്നാട്ടിൽ ഒളിപ്പിച്ചിരുന്ന സ്വർണം കടത്താൻ ശ്രമിച്ചതായി സംശയം. കഴിഞ്ഞദിവസം രഹസ്യമായി പെരമ്പലൂരിലെത്തിയ കർണാടക പോലീസ് സംഘം മുരുകന്റെ ഒളിസങ്കേതത്തിൽനിന്ന് സ്വർണം കണ്ടെത്തി മടങ്ങുന്നതിനിടെ തമിഴ്നാട് പോലീസ് തടഞ്ഞിരുന്നു. ഇവരിൽനിന്ന് 12 കിലോ ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു.
ബെംഗളൂരുവിലെ ചില കവർച്ചക്കേസുകളുടെ ഭാഗമായി എത്തിയതാണെന്നാണ് കർണാടക പോലീസ് സംഘം പറഞ്ഞത്. എന്നാൽ, ഇത് മറയാക്കി തമിഴ്നാട്ടിൽനിന്ന് സ്വർണം കടത്താനുള്ള മുരുകന്റെ പദ്ധതിയായിരുന്നോ ഇതെന്നാണ് പോലീസ് സംശയിക്കുന്നത്.
സ്ഥിരംമോഷ്ടാവായ മുരുകൻ ബെംഗളൂരുവിലെ പരിചയക്കാരായ പോലീസുകാരുടെ ഉപദേശപ്രകാരമാണ് അവിടത്തെ കോടതിയിൽ കീഴടങ്ങിയതെന്നും സംശയിക്കുന്നു. അന്വേഷണത്തിനെന്നപേരിൽ കോടതിയിൽനിന്ന് മുരുകനെ കസ്റ്റഡിയിൽവാങ്ങി കവർച്ചമുതൽ പിടിച്ചെടുത്ത് പങ്കിട്ടെടുക്കാനും അവിടത്തെ ചില പോലീസുകാർ പദ്ധതിയിട്ടിരുന്നതായി സംശയമുണ്ട്.
ലളിതാ ജൂവലറിയിൽനിന്ന് കവർന്ന സ്വർണം ഇത്തരത്തിൽ കർണാടക പോലീസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽനിന്ന് കടത്താനായാൽ കേസിൽനിന്ന് രക്ഷപ്പെടാമെന്നും മുരുകൻ കണക്കുകൂട്ടി.
എന്നാൽ, കർണാടക പോലീസ് പെരമ്പലൂരിലെത്തിയെന്ന് തമിഴ്നാട് പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് വാഹനപരിശോധന നടത്തി പെരമ്പലൂർ പോലീസ്, കർണാടക പോലീസ് സംഘത്തിന്റെ വാഹനം പിടികൂടുകയായിരുന്നു.
ആഭരണങ്ങൾ പരിശോധിച്ചപ്പോൾ ലളിതാ ജൂവലറിയിൽനിന്ന് മോഷണംപോയവയാണെന്ന് തിരിച്ചറിഞ്ഞതോടെ തമിഴ്നാട് പോലീസ് കർണാടക പോലീസിലെ ഉന്നതരെ വിവരമറിയിച്ചു. ഇതോടെ, നിയമപ്രകാരം സ്വർണം വിട്ടുതരാൻ തയ്യാറാണെന്ന് അവർ അറിയിച്ചു.
ബെംഗളൂരുവിലെ കോടതിയിൽ ഹാജരാക്കിയശേഷം കോടതിയുടെ അനുമതിയോടെ ഈ സ്വർണം കേസ് നടക്കുന്ന തിരുച്ചിറപ്പള്ളി കോടതിയിലെത്തിക്കാൻ തീരുമാനമായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.