ബെംഗളൂരു: പീനിയ വ്യവസായമേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളെ പിരിച്ചുവിട്ടും ഓവർടൈം ജോലി വെട്ടിക്കുറച്ചും പ്രവൃത്തിദിവസങ്ങളുടെ എണ്ണം കുറച്ചും കമ്പനികൾ. സാമ്പത്തികപ്രതിസന്ധി ദക്ഷിണേഷ്യയിലെ ഏറ്റവുംവലിയ ചെറുകിട വ്യവസായമേഖലയായ പീനിയയുടെ നട്ടെല്ലൊടിക്കുന്നു.
8000-ത്തിലേറെ ചെറുകിട കമ്പനികളുള്ള പീനിയയിലെ പകുതിയിലേറെ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടമായേക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 15 ലക്ഷത്തോളം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്.
വസ്ത്രം, ഇരുമ്പ് ഉത്‌പന്നങ്ങൾ, റബ്ബർ ഉത്‌പന്നങ്ങൾ, വാഹനങ്ങളുടെ ഘടകങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവ നിർമിക്കുന്ന കമ്പനികളാണ് പീനിയയിൽ ഏറെയും. നടപ്പുസാമ്പത്തികവർഷത്തിന്റെ തുടക്കംമുതലാണ് പ്രതിസന്ധി അതിരൂക്ഷമായത്. നോട്ടുനിരോധനത്തിനുശേഷം പണത്തിന്റെ വിതരണത്തിലുണ്ടായ കുറവും ജി.എസ്.ടി.യുമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് ഉടമകളും തൊഴിലാളികളും പറയുന്നു.
കമ്പനികൾ അടച്ചുപൂട്ടൽഭീഷണി നേരിടുന്നതിനാൽ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയിത്തുടങ്ങി. 7500-ലേറെ മലയാളികളും പീനിയ വ്യാവസായികമേഖലയിൽ ജോലിചെയ്യുന്നുണ്ട്. കടുത്ത പ്രതിസന്ധിയാണ് പീനിയയിലെ സ്ഥാപനങ്ങൾ നേരിടുന്നതെന്ന് കർണാടക സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എ.എസ്.എസ്.എ.) മുൻ ജനറൽസെക്രട്ടറി രവികുമാർ കുൽക്കർണി പറഞ്ഞു.
അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കിൽ ചെറുകിട കമ്പനികൾ പൂർണമായി തകരുന്ന സാഹചര്യമാണുള്ളത്. ‘ഓർഡർ’ ലഭിക്കുന്ന ഉത്‌പന്നങ്ങൾക്ക് മാസങ്ങൾകഴിഞ്ഞാണ് നിലവിലെ സാഹചര്യത്തിൽ പണംലഭിക്കുന്നത്. എന്നാൽ, ജി.എസ്.ടി. നേരത്തേ അടയ്ക്കേണ്ടിവരുന്നു. രണ്ടുവർഷത്തിനിടെ ചെറുകിട കമ്പനികളുടെ വളർച്ച താഴോട്ടാണെന്നും കുൽക്കർണി ചൂണ്ടിക്കാട്ടി.
മലയാളികളുടെ ഉടമസ്ഥതയിലുള്ള ഒട്ടേറെ കമ്പനികളും പീനിയയിലുണ്ട്. പ്രതിസന്ധിയെത്തുടർന്ന് ഇതിനോടകം 25 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടുകഴിഞ്ഞു. ഉത്സവ സീസൺ കഴിയുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കണക്ക്.
അതേസമയം ഇൻഡസ്ട്രിയൽ ഏരിയയ്ക്കുസമീപത്തെ വാടകവീടുകളിൽ താമസിക്കാൻ ആളില്ലാത്ത സാഹചര്യവുമുണ്ട്. ഇൻഡസ്ട്രിയൽ ഏരിയയുടെ കിതപ്പിന്റെ മറ്റൊരു സൂചനയായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമീപത്തെ കടകളും ഹോട്ടലുകളും പ്രതിസന്ധിയിലാണ്.
രണ്ട് ഷിഫ്റ്റിൽ തൊഴിലാളികൾ ജോലിചെയ്തിരുന്നത് ഇപ്പോൾ ഒരു ഷിഫ്റ്റ് മാത്രമാക്കി. പിടിച്ചുനിൽക്കാനുള്ള അവസാനവട്ടശ്രമത്തിലാണ് പല കമ്പനികളും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.