ബെംഗളൂരു: പ്രധാനപ്പെട്ട റോഡുകളെല്ലാം മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചു. കുടക്, ശിവമോഗ, ചിക്കമഗളൂരു ജില്ലകൾ പൂർണമായും ഒറ്റപ്പെട്ടനിലയിലാണ്. വാഹനഗതാഗതം നിലച്ചിട്ട് ദിവസങ്ങളായി.
മൊബൈൽ ടവറുകളും വൈദ്യുതിയും പൂർണമായും നിലച്ചു. ബന്ധുക്കളെയോ അധികൃതരെയോ ഇത്തരം പ്രദേശങ്ങളിലേക്കുള്ളവർക്ക് ബന്ധപ്പെടാൻ കഴിയുന്നില്ല. ഇവിടത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും രക്ഷാപ്രവർത്തകരെ വലയ്ക്കുകയാണ്.
കുത്തനെയുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന വീടുകളിലേക്കും എസ്റ്റേറ്റുകളിലെ പാടികളിലേക്കും ചെറുമഴ പെയ്താൽപോലും എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
വൻമഴ പെയ്തതോടെ ഇത്തരം പ്രദേശങ്ങളിലെ സാഹചര്യമെന്താണെന്ന് മനസ്സിലാക്കാനും കഴിയുന്നില്ല. കലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിലും അസാധ്യമാണ്.
വടക്കൻ കർണാടകയിലും ഭക്ഷ്യവസ്തുക്കൾക്ക് ഉൾപ്പെടെ ക്ഷാമമനുഭവപ്പെടുകയാണ്. പെട്രോൾ പമ്പുകളിൽ ഇന്ധനം തീർന്നതിനാൽ വാഹനസൗകര്യവും പലയിടങ്ങളിലും പൂർണമായി നിലച്ചു. റോഡുകൾ തകർന്നതിനാൽ ഇത്തരം പ്രദേശങ്ങളിൽ ഇന്ധനമെത്തിക്കാനും തടസ്സം നേരിടുകയാണ്.
ബഹുഭൂരിപക്ഷം ആശുപത്രികളും വെള്ളം നിറഞ്ഞ് പ്രവർത്തനം നിർത്തി. സുരക്ഷാപ്രവർത്തകർക്കൊപ്പമുള്ള വൈദ്യസംഘം മാത്രമാണ് പലയിടങ്ങളിലും ഏകാശ്രയം. മരുന്നുകളുടെ കുറവും അനുഭവപ്പെടുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.