ന്യൂസിലാന്‍ഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിയിൽ; കിവീസിന്റെ സെമി സാധ്യത പാക്ക്-ബംഗ്ലാ മത്സരത്തെ ആശ്രയിച്ച്!!

ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ ഇംഗ്ലണ്ട് 119 റണ്‍സിനു തകര്‍ത്തെറിഞ് സെമി ഫൈനലിലേക്കു കുതിച്ചു. ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്ന മൂന്നാമത്തെ ടീമായി.

ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 45 ഓവറിൽ 186 റൺസിന് പുറത്തായി. ഒമ്പത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റോടെയാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം.

ഇതോടെ ന്യൂസിലാന്‍ഡിന്റെ സെമി ഫൈനല്‍ സാധ്യത തുലാസിലായി. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള അടുത്ത മല്‍സരഫലത്തെ ആശ്രയിച്ചിരിക്കും കിവികളുടെ സെമി പ്രവേശനം. മല്‍സരത്തില്‍ പാകിസ്താന്‍ തോല്‍ക്കുകയാണെങ്കില്‍ ന്യൂസിലാന്‍ഡിന് സെമിയില്‍ കയറാം. എന്നാല്‍ പാകിസ്താന്‍ വന്‍ മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ കിവികള്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടിവരും.

അതേസമയം സെമി അടുത്തിരിക്കവെ ഇന്ത്യൻ ടീമിനെ ആശങ്കയിലാക്കുന്നത് ക്യാപ്റ്റൻ വിരാട് കോലിയുടെ സസ്പെൻഷൻ ഭീഷണിയാണ്. ഓൺഫീൽഡ് അമ്പയർമാരോട് തർക്കിച്ചതും അതിരുകടന്ന അപ്പീലുമാണ് കാരണം. ഇനി ഒരു തവണ കൂടി അമ്പയറോട് മോശമായി പെരുമാറിയാൽ കോലിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിച്ചേക്കാം.

306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് ഒരിക്കൽ പോലും വിജയപ്രതീക്ഷ ഉണർത്താനായില്ല. 14 റൺസിനിടെ ഓപ്പണർമാർ രണ്ടും മടങ്ങിയപ്പോൾ തന്നെ കിവീസ് പ്രതിസന്ധിയിലായി. മാർട്ടിൻ ഗുപ്റ്റിലും (8), ഹെന്റി നിക്കോൾസും (0) പരാജയമായി. 61 റൺസിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (27) നിർഭാഗ്യകരമായി പുറത്തായതോടെ കിവീസിന്റെ തോൽവി ഉറച്ചിരുന്നു.

65 പന്തുകൾ നേരിട്ട് 57 റൺസെടുത്ത ടോം ലാഥമാണ് കിവീസിന്റെ ടോപ് സ്കോറർ. റോസ് ടെയ്ലർ (28), ജെയിംസ് നീഷാം (19), കോളിൻ ഗ്രാന്ദോം (3), മിച്ചൽ സാന്റ്നർ (12) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റിനാണ് 305 റണ്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ 330ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നു കരുതിയ ഇംഗ്ലണ്ടിനെ ഉജ്ജ്വല ബൗളിങിലൂടെ ന്യൂസിലാന്‍ഡ് പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ (106) തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു കരുത്തായത്. ഇന്ത്യക്കെതിരേയുള്ള തൊട്ടുമുമ്പത്തെ കളിയിലും അദ്ദേഹം മൂന്നക്കം കടന്നിരുന്നു. 99 പന്തില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഓപ്പണര്‍ ജാസണ്‍ റോയ് (60), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (42) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ജോ റൂട്ട് (24), ജോസ് ബട്‌ലര്‍ (11), ബെന്‍ സ്‌റ്റോക്‌സ് (11), ക്രിസ് വോക്‌സ് (4), ആദില്‍ റഷീദ് (16) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജെയിംസ് നീഷാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us