ബെംഗളൂരു: നഗരത്തിൽ വൻ മയക്കുമരുന്നുവേട്ട; രണ്ടു മലയാളികൾ ഉൾപ്പെട്ട നാലംഗസംഘം മൂന്നുകോടിയുടെ മയക്കുമരുന്നുമായി പിടിയിൽ. വിദേശത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്നതിനിടെ പരിശോധനയിൽ ഇവരിൽനിന്നു മൂന്നുകോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.
കാസർകോട് ഉപ്പള സ്വദേശികളായ അബു താഹിർ(23), മുഹമ്മദ് അഫ്‌സൽ(23), മംഗളൂരു സ്വദേശി മുഹമ്മദ് ആസിഫ്(24), ഉത്തരാഖണ്ഡ് സ്വദേശി ഖുശ്ബു ശർമ(23) എന്നിവരാണു ബെംഗളൂരു വിമാനത്താവളത്തിനു സമീപത്തുനിന്നു പിടിയിലായത്. സാനിറ്ററി പാഡിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 510 ഗ്രാം മെറ്റാംഫെറ്റമിൻ, 572 ഗ്രാം ലിറിക തുടങ്ങിയ ലഹരിവസ്തുക്കൾ ശനിയാഴ്ച പുലർച്ചെ ഖുശ്ബു ശർമയുടെപക്കൽനിന്നു പോലീസ് കണ്ടെടുത്തിരുന്നു.
പിന്നീടാണ് ബെംഗളൂരു ഓസ്റ്റിൽ ടൗണിലെ അബു താഹിറിന്റെയും മുഹമ്മദ് അഫ്‌സലിന്റെയും വാടകവീട്ടിൽനിന്നു മൂന്നുകോടിരൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ഖത്തറിലേക്കു ലഹരിവസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ് അബു താഹിറും മുഹമ്മദ് അഫ്‌സലുമെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതർ പറഞ്ഞു.
ഖത്തറിലേക്കു ലഹരിവസ്തുക്കൾ കടത്താൻ ഖുശ്ബു ശർമയെ നിയോഗിച്ചതായിരുന്നു. ഇവരെ യാത്രയാക്കാനെത്തിയതായിരുന്നു മറ്റുള്ളവർ. സൗജന്യയാത്രയും പണവുമാണു പ്രതിഫലമായി വാഗ്ദാനംചെയ്തത്. ഓസ്റ്റിൽ ടൗണിലെ വാടകവീട്ടിൽനിന്ന് 2.8 കിലോ ഹാഷിഷ് ഓയിൽ, 13.6 കിലോ ഹാഷിഷ്, 330 ഗ്രാം മെറ്റാംഫെറ്റമിൻ, ഒമ്പത് കിലോ കഞ്ചാവ് എന്നിവയാണു കണ്ടെത്തിയത്.
നാലുമാസംമുമ്പാണ് ഇവർ വാടകവീടെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തറിലേക്കു മയക്കുമരുന്നു കടത്തുന്നതിനു സംഘം പുതിയ ആളുകളെ അന്വേഷിക്കുന്നതായി മാസങ്ങൾക്കുമുമ്പ് നർകോട്ടിക് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് വിമാനത്താവളം കേന്ദ്രീകരിച്ച് രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. ഖത്തറിലായിരുന്ന അബു ഒരുവർഷം മുമ്പാണ് മടങ്ങിയെത്തിയത്.
പിന്നീട് മുഹമ്മദ് ആസിഫിനൊപ്പം ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈ, ഡൽഹി, ഗോവ എന്നിവിടങ്ങളിൽനിന്നാണ് മെറ്റാംഫെറ്റമിൻ ഇവർ സംഭരിച്ചത്. ഹാഷിഷ് എത്തിച്ചത് കൊച്ചിയിൽനിന്നാണ്. പ്രധാനമായും ബെംഗളൂരു വിമാനത്താവളത്തിലൂടെയാണു കടത്തിയിരുന്നതെങ്കിലും ചില സന്ദർഭങ്ങളിൽ മംഗളൂരു, കൊച്ചി വിമാനത്താവളങ്ങളും ഉപയോഗിച്ചിരുന്നതായി അധികൃതർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.