ബെംഗളൂരു: കോൺഗ്രസിനോടൊപ്പമാണെന്ന് പ്രഖ്യാപിച്ച ചില വിമതനേതാക്കൾ രമേശ് ജാർക്കിഹോളിയുമായി ബന്ധപ്പെടുന്നതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. രമേശ് ജാർക്കിഹോളിയെ അനുനയിപ്പിക്കാതെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും മന്ത്രിസ്ഥാനം നൽകാമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇതിനോട് അനുകൂലമായല്ല ജാർക്കിഹോളി പ്രതികരിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നടത്തിയ അനുനയ നീക്കവും വിജയിച്ചില്ല. മന്ത്രിസ്ഥാനം നൽകാൻ തയ്യാറായിട്ടും കോൺഗ്രസ് നേതൃത്വവുമായി രമേശ് ജാർക്കിഹോളി ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന വ്യവസ്ഥയാണ് മുന്നോട്ടുവെച്ചതെന്നാണ് സൂചന.
സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്നാണ് പരസ്യനിലപാടെങ്കിലും ബി.ജെ.പി.യും രഹസ്യനീക്കം നടത്തുന്നുണ്ട്. രമേശ് ജാർക്കിഹോളിയുമായി ബി.ജെ.പി. നേതാക്കൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. എന്നാൽ വിമതപക്ഷത്തുള്ള മഹേഷ് കുമത്തല്ലി, ജെ.എൻ. ഗണേശ് എന്നിവർ കോൺഗ്രസിനൊപ്പം നിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കോൺഗ്രസിൽനിന്ന് എം.എൽ.എ.മാർ രാജിവെച്ചാൽ ബി.ജെ.പി.യിൽ നിന്നും അംഗങ്ങളെ സ്വാധീനിക്കാൻ ഭരണപക്ഷവും ശ്രമിക്കുന്നുണ്ട്. ബി.ജെ.പി.യിൽനിന്ന് അഞ്ച് എം.എൽ.എ.മാർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ജെ.ഡി.എസ്. നേതാക്കളുടെ വാദം. ഇക്കാര്യം മന്ത്രി സാരാ മഹേഷും വീണ്ടും ആവർത്തിച്ചു. എന്നാൽ പാർട്ടി വിടാൻ തയ്യാറായ ഏതെങ്കിലും ഒരു എം.എൽ.എ.യുടെ പേര് വെളിപ്പെടുത്താൻ ബി.ജെ.പി. നേതാവ് ബി. ശ്രീരാമുലു വെല്ലുവിളിച്ചു.
മന്ത്രിസഭാ പുനഃസംഘടനയില്ലെന്ന സിദ്ധരാമയ്യയുടെ നിലപാടും തിരിച്ചടിയായി. നിലവിൽ മന്ത്രിസഭയിൽ മൂന്ന് ഒഴിവുകളാണുള്ളത്. എന്നാൽ വിമതപക്ഷത്ത് ഒമ്പത് പേരുണ്ട്. വിമതനീക്കം അവസാനിപ്പിക്കാൻ അർഹതപ്പെട്ട മന്ത്രിസ്ഥാനം വിട്ടുനൽകാൻ തയ്യാറാണെന്ന് ദൾ നേതൃത്വം അറിയിച്ചിട്ടുണ്ട്. അതിനിടെ, ജനതാദൾ. എസിലും നേതാക്കൾക്കിടയിൽ ഭിന്നതയുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ എച്ച്. വിശ്വനാഥും മന്ത്രി സാര മഹേഷും തമ്മിലുള്ള വാക്പോര് ദളിനേയും പ്രതിസന്ധിയിലാക്കി. ഭിന്നതയെത്തുടർന്ന് വിശ്വനാഥ് രാജിസന്നദ്ധത നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.