അഹമ്മദാബാദ്: ഗുജറാത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വട്ടപൂജ്യമായിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കാര്യങ്ങള്‍ അതിനേക്കാള്‍ മോശമായിട്ടാണ് തുടരുന്നത്.
ഗുജറാത്ത് എംഎല്‍എയും പ്രമുഖ ഒബിസി നേതാവുമായ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും ഒഴിവാക്കുകയാണ്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വലിയൊരു കുതിപ്പിന് സഹായിച്ചത് അല്‍പേഷ് താക്കൂറാണ്.
അതേസമയം താക്കൂര്‍ പാര്‍ട്ടി വിടുന്നത് വന്‍ തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് ഒബിസി, ദളിത് വിഭാഗങ്ങള്‍ അടുത്തിടെ ബിജെപി വലിയ രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. താക്കൂര്‍ പാര്‍ട്ടി വിടുന്നതോടെ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് ഉറപ്പാണ്. നേരത്തെ ജിഗ്നേഷ് മേവാനി, ഹര്‍ദിക് പട്ടേല്‍ എന്നിവര്‍ അല്‍പേഷിനെ കണ്ട് ബിജെപിയിലേക്ക് പോകരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അവഗണനയാണ് ഈ തീരുമാനത്തിന് പിന്നില്‍.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. അദ്ദേഹത്തിന്റെ സംഘടന ഗുജറാത്ത് ക്ഷത്രിയ താക്കൂര്‍ സേന കോണ്‍ഗ്രസുമായി ഇടയുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വവുമായി അകല്‍ച്ചയിലാണ് അല്‍പേഷ്. ഗുജറാത്തില്‍ പത്താന് സീറ്റില്‍ മത്സരിക്കാന്‍ അല്‍പേഷിന് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ ജഗദീഷ് താക്കൂറിനെയാണ് കോണ്‍ഗ്രസ് ഈ സീറ്റിലേക്ക് തിരഞ്ഞെടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ആരോപണം. കഴിഞ്ഞ ദിവസം താക്കൂര്‍ സേന കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു. സബര്‍കന്ധ സീറ്റിനായുള്ള സേനയുടെ ആവശ്യങ്ങളും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നില്ല. 24 മണിക്കൂറിനുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ താക്കൂര്‍ സേന അല്‍പേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നാണ് സൂചന.