മുംബൈ ഇന്ത്യന്‍സിന് ഇത് നാലാം ഐപിഎല്‍ കിരീടം; അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു റൻസിനാണ് മുംബൈ ചെന്നൈയെ വീഴ്ത്തിയത്!!

ഹൈദരാബാദ്: ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്; അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു റൻസിനാണ് മുംബൈ ചെന്നൈയെ വീഴ്ത്തിയത്!! ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈ ഇന്ത്യൻസിന് നാലാം ഐ.പി.എൽ കിരീടം. ഈ സീസണില്‍ മൂന്നു തവണയും ചെന്നൈയെ തകര്‍ത്തുവിട്ട മുംബൈ ഫൈനലിലും ഇതാവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിനും ഹിറ്റ്മാനും സംഘവും അവകാശികളായി.

കഴിഞ്ഞ സീസണിലെ ഫൈനലിനു സമാനമായി ഇത്തവണയും ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ ഉജ്ജ്വ ഇന്നിങ്‌സ് ചെന്നൈയെ രക്ഷിക്കുമെന്ന് കരുതിയെങ്കിലും ജയത്തിന് തൊട്ടരികെ കാലിടറുകയായിരുന്നു. 59 പന്തിൽ എട്ടു ഫോറും നാല് സിക്സും സഹിതം 80 റൺസ് അടിച്ചുകൂട്ടിയ വാട്സൺന്റെ മികവിൽ ചെന്നൈ ഒരു ഘട്ടത്തിൽ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. ക്രുണാൽ പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിൽ തുടർച്ചയായി മൂന്നു പന്തുകൾ വാട്സൺ ഗാലറിയിലേക്ക് പറത്തിയോടെയായിരുന്നു ഇത്. പിന്നീട് 19-ാം ഓവറിൽ ബുംറ വാട്സണേയും ബ്രാവോയേയും പിടിച്ചുകെട്ടി. ഇതേ ഓവറിലെ രണ്ടാം പന്തിൽ ബ്രാവോയുടെ വിക്കറ്റുമെടുത്ത് മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

എന്നാൽ അവസാന പന്തിൽ വിക്കറ്റ് കീപ്പർ ഡികോക്കിന്റെ പിഴവിൽ ചെന്നൈയ്ക്ക് നാല് റൺസ് ബൈ ആയി ലഭിച്ചു. ഇതോടെ മത്സരം വീണ്ടും ചെന്നൈയുടെ വരുതിയിലായി. മലിംഗ അവസാന ഓവർ എറിയാനെത്തുമ്പോൾ ക്രീസിലുണ്ടായിരുന്നത് വാട്സണും ജഡേജയും. ജയിക്കാൻ വേണ്ടത് ഒമ്പത് റൺസും. മലിംഗയുടെ യോർക്കറുകളിൽ വാട്സണും ജഡേജയ്ക്കും ബൗണ്ടറി കണ്ടെത്താനായില്ല. നാലാം പന്തിൽ വാട്സൺ റൺഔട്ടായി. ഇതോടെ മത്സരം കൂടുതൽ ആവേശത്തിലേക്ക് കടന്നു. അഞ്ചാം പന്തിൽ പുതുതായി ക്രീസിലെത്തിയ ഠാക്കൂർ ഡബിളെടുത്തു. ഇതോടെ അവസാന പന്തിൽ വിജയിക്കാൻ രണ്ട് റൺസ് എന്ന അവസ്ഥയിലെത്തി. ക്രീസിൽ ഠാക്കൂറും.

എന്നാൽ ഭാഗ്യം മുംബൈയുടെ ഭാഗത്തായിരുന്നു. മലിംഗയുടെ ആ പന്തിൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ചെന്നൈ ആരാധകർ അമ്പരന്നു. മുംബൈ ക്യാമ്പിൽ ആഘോഷം അണപൊട്ടി. ഐപിഎൽ കിരീടം നാല് തവണ നേടുന്ന ആദ്യ ടീമായി മുംബൈ ചരിത്രത്തിൽ ഇടം നേടി.

ടോസിനു ശേഷം ബാറ്റിങിനിയച്ച മുംബൈയെ മികച്ച ബൗളിങിലൂടെയാണ് സിഎസ്‌കെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. നിശ്ചിത ഓവറില്‍ മുംബൈ എട്ടു വിക്കറ്റിന് 149 റണ്‍സെടുത്തു. മുംബൈ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. 25 പന്തിൽ മൂന്നു വീതം ഫോറും സിക്സും സഹിതം 41 റൺസ് നേടിയ കീറോൺ പൊള്ളാർഡ് ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഓപ്പണിങ് വിക്കറ്റിൽ ക്വിന്റൺ ഡികോക്കും രോഹിത് ശർമ്മയും 45 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു.

29 റൺസ് അടിച്ച ഡികോക്ക് ആണ് ആദ്യം പുറത്തായത്. അടുത്ത ഓവറിൽ 15 റൺസെടുത്ത രോഹിത് ശർമ്മയും ക്രീസ് വിട്ടു. സൂര്യരുമാർ യാദവ് 15 റൺസ് അടിച്ചപ്പോൾ ഏഴു റൺസിന്റെ ആയുസ്സേ ക്രുണാൽ പാണ്ഡ്യക്ക് ഉണ്ടായുള്ളു. ഇഷാൻ കിഷൻ 23 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ 10 പന്തിൽ 16 റൺസുമായി പുറത്തായപ്പോൾ ചാഹറും മക്ലീഗനും അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിട്ടു.

മൂന്നു വിക്കറ്റെടുത്ത പേസര്‍ ദീപക് ചഹറാണ് ചെന്നൈ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെയാണ് 26 റണ്‍സിനു താരം മൂന്നു പേരെ പുറത്താക്കിയത്. ശര്‍ദ്ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us