ബെംഗളൂരു : വഞ്ചിക്കപ്പെടാൻ തയ്യാറായി ഒരു ജനത കാത്തു നിൽക്കുകയാണെങ്കിൽ പറ്റിക്കുന്നവർക്ക് പണി എളുപ്പമാണ്. ആട് ,തേക്ക്, മാഞ്ചിയം, റൈസ് പുളളർ, വലംപിരിശംഖ്, കുബേർ പുഞ്ചി അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. ആ ശ്രേണിയിലേക്ക് ഏറ്റവും പുതിയതായി എത്തുകയാണ് ഈ അൽഭുതമരുന്ന്.
കാഞ്ഞങ്ങാട്ട് പിടിയിലായ അദ്ഭുത മരുന്നുവിൽപ്പന സംഘത്തെക്കുറിച്ചുള്ള അന്വേഷണം നീളുന്നത് കോടികളുടെ തട്ടിപ്പിലേക്ക്. ഡോക്ടർമാരാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ സംഭവം പുറത്തുകൊണ്ടുവന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഈ മരുന്ന് വൻതോതിൽ വിറ്റഴിച്ചിട്ടുണ്ടെന്ന് പ്രഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി സ്റ്റിങ് ഓപ്പറേഷന് നേതൃത്വം നൽകിയ ഡോ. ടി.വി.പദ്മനാഭൻ പറഞ്ഞു.
ഇന്റർനെറ്റിൽ പരസ്യം നൽകിയും വിപുലമായ വിൽപ്പനശൃംഖലയുണ്ടാക്കിയുമാണ് ഈ സംഘം തട്ടിപ്പ് മരുന്ന് വിൽക്കുന്നത്
ബെംഗളൂരു ആസ്ഥാനമായാണ് ഇവരുടെ സ്ഥാപനം പ്രവർത്തിക്കുന്നത്. വേദിക് ഡ്രിങ്ക്സ് എന്ന പേരിൽ ഇംഗ്ലീഷിൽ അച്ചടിച്ച പുസ്തകവും ഇവർ ആളുകൾക്ക് നൽകുന്നുണ്ട്. അതിൽ വേദിക് ഡ്രിങ്ക്സിനെക്കുറിച്ചും മറ്റും വിശദീകരിക്കുന്നു.
കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ പ്രതിദിനം 3000 രൂപയോളം വാടക നൽകിയാണ് തട്ടിപ്പു സംഘം മുറിയെടുത്തത്. തട്ടിപ്പിന് നേതൃത്വം നൽകുന്നത് സസ്പെൻഷനിൽ കഴിയുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ എസ്.എം.രാജുവാണെന്ന് അന്വേഷണസംഘം പറഞ്ഞു.
പിന്നാക്ക വിഭാഗത്തിലെ കുട്ടികളുടെ ഗ്രാൻറിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന വിജിലൻസ് കേസിൽപ്പെട്ട് സസ്പെൻഷനിലാണിയാൾ.
ഐ.എം.എ.യുടെ ഉപഘടകമായ വ്യാജചികിത്സാവിരുദ്ധ സമിതി ചെയർമാൻ കൂടിയായ ഡോ. ടി.വി.പദ്മനാഭൻ വിട്ടുമാറാത്ത ചുമയെന്ന് പറഞ്ഞാണ് ഹോട്ടൽമുറിയിലെ പരിശോധനാകേന്ദ്രത്തിലെത്തിയത്. ഐ.എം.എ. എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഡോ. സിറിയക് ആന്റണിയും ഒപ്പമുണ്ടായിരുന്നു. പേരും വയസ്സും പറഞ്ഞു.
രക്തസമ്മർദമുണ്ടോയെന്നായിരുന്നു ആദ്യചോദ്യം. ഷുഗറുണ്ടോ, കൊളസ്ട്രോളുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കുശേഷം സഹായിയോട് ചില കോഡുകൾ പറഞ്ഞു.
സഹായി അത് കുറിച്ചെടുത്ത് അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൂടി എഴുതി ആ കുറിപ്പ് വന്ന ആൾക്ക് കൊടുക്കും. കുറിപ്പുപ്രകാരമുള്ള മരുന്നിന് 5000 രൂപയെങ്കിലുമാകും. രാജുവാണ് രോഗികളോട് ചോദ്യങ്ങൾ ചോദിക്കുന്നത്. കഴിഞ്ഞദിവസം തൃക്കരിപ്പൂരിലെ ഒരാൾ ഈ മരുന്ന് കഴിച്ചശേഷം വിശപ്പില്ലെന്ന് സഹായിയോട് വിളിച്ചുപറഞ്ഞു. വിശപ്പില്ലെങ്കിൽ ആഹാരം കഴിക്കേണ്ടെന്നായിരുന്നു മറുപടി. വയനാട്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ മാത്രം നൂറുകണക്കിന് ആളുകളെ ഇതിനകം തട്ടിപ്പിനിരയാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്.
അദ്ഭുത മരുന്ന് വിൽപ്പനയുടെ മറവിൽ വൻ തട്ടിപ്പ് കണ്ടെത്തിയിട്ടും പോലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തില്ല. ഐ.എം.എ. വ്യാജചികിത്സാവിരുദ്ധസമിതി ജില്ലാ പോലീസ് മേധാവിക്ക് പരാതികൊടുക്കുകയും അത് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.ക്ക് കൈമാറുകയും ചെയ്തിരുന്നു. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം ഡ്രഗ്സ് കൺട്രോൾ വകുപ്പ് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഐ.എ.എസുകാരനായ ഒരാൾ രോഗം നിർണയിക്കുകയും മരുന്ന് നൽകുകയും ചെയ്യുന്നത് കൈയോടെ പിടിച്ചിട്ടും തട്ടിപ്പ് നടത്തിയതിനോ ആളുകളെ വഞ്ചിച്ചതിനോ ഹൊസ്ദുർഗ് പോലീസ് കേസെടുത്തില്ലെന്നത് ചർച്ചയായി.
ഉദ്യോഗസ്ഥരുടെ പരിശോധന തുടങ്ങിയപ്പോൾ ശൗചാലയത്തിലേക്ക് പോയ രാജുവിനെ പിന്നെയാരും കണ്ടിട്ടില്ല. രാജുവിന്റെ പേരിൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കുമെന്ന് ഡോ. ടി.വി.പദ്മനാഭൻ പറഞ്ഞു.