മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ട് ഡൽഹി!

മുംബൈ: മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ട് ഡൽഹി! വെടിക്കെട്ട് ബാറ്റിങ്ങുമായി യുവതാരം ഋഷഭ് പന്ത് വാങ്കഡെയെ രസിപ്പിച്ച മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പുതിയ ലുക്കില്‍, പുതിയ പേരില്‍ ഐപിഎല്ലിന്റെ 12ാം സീസണില്‍ ഇറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 37 റൺസിന് മുട്ടുകുത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറു വിക്കറ്റിന് 213 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ മുംബൈയുടെ നില പരുങ്ങലിലായിരുന്നു. ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ മുംബൈക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ ഡല്‍ഹി കാര്യമായ വെല്ലുവിളികളില്ലാതെ തന്നെ ജയിച്ചു കയറി.

214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 19.2 ഓവറിൽ 176 റൺസെടുക്കാനെ സാധിച്ചുള്ളൂ. ബൗളിങിനിടെ പരിക്കേറ്റതിനാല്‍ മുംബൈ പേസര്‍ ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യാനിറങ്ങിയില്ല. മുംബൈ ജഴ്‌സിയില്‍ അരങ്ങേറിയ യുവരാജ് സിങ് മികച്ച ഇന്നിങ്‌സുമായി പൊരുതിനോക്കിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു. 35 പന്തില്‍ അഞ്ചു ബൗണ്ടറികകളും മൂന്നു സിക്‌സറുമടക്കം യുവി 53 റണ്‍സ് നേടി.

യുവിയെ 18-ാം ഓവറിൽ റബാഡ മടക്കി. 214 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 33 റൺസിൽ വെച്ച് ക്യാപ്റ്റൻ രോഹിത് ശർമയെ (14) നഷ്ടമായി. സുര്യ കുമാർ യാദവ് (2) വന്നപോലെ മടങ്ങി. വൈകാതെ 27 റൺസുമായി ഡികോക്കും മടങ്ങിയതോടെ മുംബൈ പ്രതിരോധത്തിലായി. പിന്നാലെയെത്തിയ കീറൻ പൊള്ളാർഡ് തകർത്തടിച്ച് തുടങ്ങിയെങ്കിലും 21 റൺസുമായി മടങ്ങി. നേരിട്ട രണ്ടാം പന്തിൽ തന്നെ വമ്പനടിക്കാരൻ ഹാർദിക് പാണ്ഡ്യയും പുറത്തായതോടെ മുംബൈ ശരിക്കും വിറച്ചു. പിന്നീട് ഈ തകർച്ചയിൽനിന്ന് കരകയറാൻ അവർക്ക് സാധിച്ചില്ല.

നേരത്തേ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ച് റിഷഭ് പന്ത് നടത്തിയ വെടിക്കെട്ട് ഇന്നിങ്‌സാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 18 പന്തില്‍ ഫിഫ്റ്റി തികച്ച പന്ത് പുറത്താവാതെ 78 റണ്‍സാണ് കളിയില്‍ വാരിക്കൂട്ടിയത്. ടോസ് ലഭിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വെറും 27 പന്തില്‍ ഏഴു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് പന്ത് 78 റണ്‍സ് വാരിക്കൂട്ടിയത്. ജസ്പ്രീത് ബുംറയുള്‍പ്പെടുന്ന മുംബൈയുടെ മൂര്‍ച്ചയേറിയ ബൗളിങ് നിരയെ പന്ത് നിലം തൊടീച്ചില്ല. ഐപിഎല്ലില്‍ ഡല്‍ഹിക്കായി കുറഞ്ഞ പന്തുകളില്‍ ഫിഫ്റ്റി നേടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനും പന്ത് അവകാശിയായി.

നിശ്ചിത 20 ഓവറിൽ ഡൽഹി ആറു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. പന്തിന്റെ വെടിക്കെട്ടിൽ അവസാന മൂന്ന് ഓവറിൽ 52 റൺസാണ് മുംബൈ സ്കോറിലെത്തിയത്. ബുംറയുടെ 18-ാം ഓവറിൽ 15 റൺസാണ് പന്ത് അടിച്ചെടുത്തത്. പന്തിനെക്കൂടാതെ കോളിന്‍ ഇന്‍ഗ്രാം (47), ശിഖര്‍ ധവാന്‍ (43) എന്നിവരാണ് ഡല്‍ഹിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പൃഥ്വി ഷാ (7), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (16) എന്നിവര്‍ നിരാശപ്പെടുത്തി. മുംബൈക്കു വേണ്ടി മിച്ചെല്‍ മക്ലെനഗന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us