ജൂണില്‍ മഴ വൈകിയാല്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാകും

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനല്‍ചൂട് തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണില്‍ മഴ വൈകിയാല്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ആഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും മഹാപ്രളയത്തിനു ശേഷമുള്ള മഴക്കുറവും കാരണം കേരളം നേരിടുന്നത് രൂക്ഷമായ വേനലാണ്. സംസ്ഥാനത്ത് പ്രളയത്തിന് ശേഷം കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇതിനൊപ്പം ചൂട് കൂടുകയും ചെയ്‌തതോടെ ഭൂഗര്‍ഭ ജല വിതാനം താഴുന്നതായാണു സൂചന.

ഭാരതപ്പുഴ ഉള്‍പ്പെടെ ഉത്തര കേരളത്തിലെ മിക്ക നദികളിലും വെള്ളമില്ലാത്ത സ്‌ഥിതിയാണ്. മറ്റു ജില്ലകളിലും ജലനിരപ്പു താഴുകയാണെന്നു സംസ്‌ഥാന ഭൂജല വകുപ്പും പറയുന്നു. പത്തനംതിട്ട ജില്ലയില്‍ മാത്രമാണു പതിവിലും അധികം മഴ ഈ മാസം ലഭിച്ചത്.

അതേസമയം, വേനല്‍ കടുത്തതോടെ കേരളത്തില്‍ ദാഹം തീര്‍ക്കാന്‍പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. നിരവധി നദികളും കൈവഴികളും പോഷകനദികളും തോടുകളും കായലുകളും ഉള്‍പ്പെട്ടതാണ് കേരളമെങ്കിലും കടുത്ത വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുകയാണ്.

മഹാപ്രളയത്തിന് പിന്നാലെ കേരളത്തില്‍ ഉണ്ടായിരിക്കുന്ന സാഹചര്യവും അതീവഗുരുതരമാണ്. എക്കലടിഞ്ഞ് നദികളുടെ ആഴം കുറഞ്ഞതും ഉറവവറ്റിയതും മൂലം വളരെ വേഗത്തിലാണ് പുഴകളെല്ലാം വറ്റി വരണ്ടത്. ഇതിനൊപ്പം കിണറുകളും കുളങ്ങളും വറ്റിയതോടെ കുടിവെള്ളക്ഷാമം ഇരട്ടിയായി. ഭാരതപ്പുഴ, ചാലിയാര്‍, ചാലക്കുടിപ്പുഴ, കടലുണ്ടിപ്പുഴ, കല്ലടയാര്‍, വളപട്ടണം പുഴ, ചന്ദ്രഗിരിപുഴ തുടങ്ങിയ വലിയ നദികളില്ലെല്ലാം വെള്ളത്തിന്‍റെ അളവ് ഭയാനകമാം വിധം താഴുന്നതും ആശങ്കയുളവാക്കുന്നുണ്ട്. ഭാവിയില്‍ ഇടുക്കി, ആലപ്പുഴ, കാസര്‍കോട്, , കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഇത് വലിയ കുടിവെള്ള ക്ഷാമത്തിന് വഴിവെക്കുമെന്നാണ് സൂചന.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us