പരിശീലനപ്പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്..

ബെംഗളൂരു: വ്യോമസേനയുടെ എയ്‌റോബാറ്റിക്‌സ് സംഘമായ സൂര്യകിരണിന്റെ രണ്ട് ജെറ്റ് വിമാനങ്ങൾ പരിശീലനപ്പറക്കലിനിടെ കുട്ടിയിടിച്ച് മൂന്ന് പൈലറ്റുമാരിൽ ഒരാൾ മരിച്ച സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

യെലഹങ്ക വ്യോമത്താവളത്തിന് പുറത്ത് ന്യൂടൗൺ ഐ.എസ്.ആർ.ഒ. ലേഔട്ടിന് സമീപം തിങ്കളാഴ്ച രാവിലെ 11.50-ഓടെയാണ് വിമാനങ്ങൾ തകർന്നുവീണത്. ഇന്ന് ആരംഭിക്കുന്ന പ്രശസ്തമായ എയ്റോ ഇന്ത്യ എയർഷോയുടെ ഭാഗമായിരുന്നു പരിശീലനപ്പറക്കൽ.

വ്യോമസേനയുടെ അഭിമാനമായ സൂര്യകിരൺ എയ്‌റോബാറ്റിക്സ് സംഘത്തിലെ ഹോക്ക് ട്രെയിനർ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സൂര്യകിരണിൻറെ ഒമ്പത് വിമാനങ്ങളാണ് പരിശീലനം നടത്തിയത്. അപകടം നടക്കുമ്പോൾ വിമാനങ്ങൾ മണിക്കൂറിൽ 400മുതൽ 500 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. മുകളിലും അടിയിലുമായി തൊട്ടടുത്ത് സമാന്തരമായി പറക്കുന്നതിനിടയിൽ, അടിയിലുള്ള വിമാനം പെട്ടെന്ന് ഉയർന്ന് മുകളിലുള്ള വിമാനത്തിലിടിക്കുകയായിരുന്നു.

വിമാനങ്ങൾ റൺവേയിൽനിന്ന് പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ കൂട്ടിയിടി നടന്നു. അപകടം ആളൊഴിഞ്ഞ സ്ഥലത്തായതിനാലാണ് വൻ ദുരന്തം ഒഴിവായത്. തകർന്ന് വീണ വിമാനങ്ങൾക്ക് തീപ്പിടിച്ചു. തൊട്ടടുത്ത വീടിന് കേടുപാടു പറ്റി. അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീകെടുത്തിയത്.

ഏഴാം നമ്പർ സൂര്യകിരൺ വിമാനത്തിലെ പൈലറ്റായ ഹരിയാണ സ്വദേശി വിങ് കമാൻഡർ സഹിൽ ഗാന്ധിയാണ് മരിച്ചത്. വിങ് കമാൻഡർ വിജയ് ഷെൽക്കെ, സ്ക്വാഡ്രൺ ലീഡർ തേജസ്വർ സിങ് എന്നിവർ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടെങ്കിലും ഗുരുതരമായ പരിക്കുണ്ട്. ഇവരെ യെലഹങ്ക കമാൻഡർ ആസ്പത്രിയിൽ പ്രവേശിച്ചിപ്പിച്ചു. സംഭവത്തിൽ വ്യോമ സേന അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രതിരോധമന്ത്രി നിർമലി സീതാരാമനും ഉന്നത സേനാ-പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീടിനടുത്താണ് വിമാനങ്ങൾ തകർന്നുവീണത്.

എയ്‌റോ- ഇന്ത്യയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിൽ ആദ്യമായാണ് വിമനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ എയ്‌റോബാറ്റിക്‌സ് ടീമായ റെഡ് ബുൾ 2015-ൽ നടന്ന എയ്‌റോ-ഇന്ത്യയിൽ അപകടത്തിൽപ്പെട്ടിരുന്നു. 1996-ൽ രൂപവത്കരിച്ച സൂര്യകിരൺ എയ്‌റോബാറ്റിക് സംഘം രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ എയർ ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.

ഒരു മാസത്തിനിടെ വ്യോമസേനയ്ക്ക് നേരിടേണ്ടി വന്ന മൂന്നാമത്തെ ദുരന്തമാണ് ചൊവ്വാഴ്ചയുണ്ടായത്. ഫെബ്രുവരി ഒന്നിന് പരിശീലന വിമാനമായ മിറാഷ്- 2000 കർണാടകത്തിലെ തന്നെ എച്ച്.എ. എൽ. വിമാനത്താവളത്തിനടുത്ത് തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു. ജനുവരി 28-ന് വ്യോമസേനയുടെ ജാഗ്വർ വിമാനം ഉത്തർപ്രദേശിലെ കുശാൽ നഗറിൽ തകർന്നുവീണിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us