ബജറ്റ് അവതരണം തടസ്സപ്പെടുത്തുമെന്ന് ബി.ജെ.പി.; നിയമസഭയിൽ ഇന്ന് തീപാറും!!

ബെംഗളൂരു: കോൺഗ്രസ് വിമത എം.എൽ.എ. മാർ ഉയർത്തുന്ന ഭീഷണിയുടെ നിഴലിലാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത്. സഖ്യസർക്കാറിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം കോൺഗ്രസ്-ദൾ സഖ്യത്തിന് നിർണായകമാണ്. ബജറ്റ് അവതരണം തടസ്സപ്പെടുത്തുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ പ്രക്ഷുബ്‌ധമാകുമെന്നുറപ്പാണ്. ധനകാര്യബിൽ പാസാക്കുന്നതിനുള്ള ഭൂരിപക്ഷം ഉറപ്പാക്കുകയാണ് സർക്കാറിനുമുന്നിലെ പ്രധാന വെല്ലുവിളി.

ഇടഞ്ഞു നില്‍ക്കുന്ന പത്തോളം ഭരണപക്ഷ എംഎല്‍എമാരെ സഭയിലെത്തിക്കാന്‍ തീവ്രശ്രമങ്ങളുമായി കോണ്‍ഗ്രസും ജനതാദളും. ഭരണപക്ഷത്തെ 9 എംഎല്‍എമാര്‍, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു നേരത്തെ ഗവര്‍ണര്‍ക്കു കത്തു നല്‍കിയ സ്വതന്ത്രന്‍, കര്‍ണാടക പ്രഞ്ജാവന്ത പാര്‍ട്ടി അംഗം എന്നിവരാണ് ഇന്നലെ സഭയില്‍ എത്താതിരുന്നത്. മുംബൈയിലുള്ള കോണ്‍ഗ്രസ് വിമതരായ രമേഷ് ജാര്‍ക്കിഹോളി, ഉമേഷ് യാദവ്, മഹേഷ് കുമത്തല്ലി, ബി.നാഗേന്ദ്ര എന്നിവര്‍ ഇന്ന് സഭയില്‍ എത്തിയില്ലെങ്കില്‍, കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാനുള്ള നടപടികള്‍ക്കു കോണ്‍ഗ്രസ് മുതിര്‍ന്നേക്കും.

ബജറ്റ് അവതരണത്തിന് മുഴുവൻ എം.എൽ.എ. മാരും പങ്കെടുക്കണമെന്ന് കോൺഗ്രസും ജനതാദൾ എസും കർശനനിർദേശം നൽകിയിട്ടുണ്ടെങ്കിലും വിമതപക്ഷത്തുള്ളവർ പങ്കെടുത്തേക്കില്ല. ഇന്ന് രാവിലെ നടക്കുന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗം സഖ്യസർക്കാറിനെ സംബന്ധിച്ച് നിർണായകമാണ്. വിമതരെ അയോഗ്യരാക്കിയാലും ഇല്ലെങ്കിലും പ്രതിസന്ധിയാണ്. കോൺഗ്രസിലെ വിമതരോടൊപ്പം ജനതാദൾ എസിലെ നാരായണ ഗൗഡയും മുങ്ങിയതാണ് കൂടുതൽ പ്രതിസന്ധിയായത്. ഭക്ഷ്യവിഷബാധയെ തുടർന്നാണ് സഭയിൽനിന്ന് വിട്ടുനിന്നതെന്നാണ് നാരായണ ഗൗഡ സുഹൃത്തുക്കളെ അറിയിച്ചത്.

കുമാരസ്വാമി സർക്കാരിനെ വീഴത്താനുള്ള പിന്തുണ ബി.ജെ.പി.ക്കില്ലെന്നാണ് ഭരണ പക്ഷത്തിന്റെ വിലയിരുത്തൽ. ഭരണപക്ഷത്ത് നിന്ന് 15 പേരെ സഭയിൽ നിന്ന് മാറ്റി നിർത്താനാണ് ബി. ജെ. പി. ശ്രമിക്കുന്നത്. നിയമസഭ കക്ഷിയോഗത്തിൽ മുഴുവൻ കോൺഗ്രസ് എം. എൽ. എ. മാരും പങ്കെടുക്കുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സർക്കാറിന് ഭൂരിപക്ഷമില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസും ബിജെപിയും ദളും ഇന്നു രാവിലെ ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരോടു കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാരും വിട്ടുനിന്നിരുന്നു. ഭരണപക്ഷം സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണമുയർന്ന അംഗങ്ങളാണ് സഭയിൽനിന്ന് വിട്ടുനിന്നത്. ബി.ജെ.പി. നീക്കത്തെ അതേ നാണയത്തിൽ പ്രതിരോധിക്കാനാണ് കോൺഗ്രസ് ശ്രമം. ഇതിൽ ബി.ജെ.പി.ക്കും ആശങ്കയുണ്ട്. ഇതാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിൽനിന്ന് അവസാന നിമിഷം പിൻമാറിയത്.

ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ബജറ്റ് അവതരണം. ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റായിരിക്കും മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. കാർഷിയവായ്പ എഴുതി ത്തള്ളുന്നതിനുള്ള തുക ബജറ്റിൽ വകയിരുത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us