ബെംഗളൂരു : ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ സിപിഎം എംഎൽഎ പി കെ ശശിക്കെതിരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ആറ് മാസത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തെങ്കിലും എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലെ പല പരിപാടികളിലും ശശി കൂളായി പങ്കെടുത്തു കൊണ്ടിരിക്കുന്നു. ഈ സംഭവത്തിൽ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുമ്പോഴും തീവ്രത കുറഞ്ഞ പീഡനമാണ് ശശിയുടേതെന്നും നൽകിയത് വലിയ ശിക്ഷ ആണെന്നുമാണ് യെച്ചൂരി അടക്കമുള്ളവർ വിശദീകരിക്കുന്നത്. എന്നാൽ, ഇത് നേതാവിനെ സംരക്ഷിക്കലാണെന്ന ആക്ഷേപം ഉയരുകയും ചെയ്യുന്നു.
ഇതിനിടെ പി.കെ ശശി എംഎൽഎയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്ത സിപിഎം, പാർട്ടിയുടെ കർണാടക സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവും മുൻ എംഎൽഎയുമായ ശ്രീറാം റെഡ്ഡിയെ തൽസ്ഥാനത്ത് നിന്ന് നടപടിയെടുത്ത് പുറത്താക്കി. രണ്ട് ദിവസം മുൻപ് വരെ പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന നേതാവ് ഇന്ന് മുതൽ പാർട്ടിയുടെ വെറും ബ്രാഞ്ച് അംഗമായി മാറി. ബ്രാഞ്ചിലേക്കാണ് റെഡ്ഡിയെ തരംതാഴ്ത്തിക്കൊണ്ടുള്ള തീരുമാനം ഇക്കഴിഞ്ഞ സിസി കമ്മിറ്റി യോഗമാണ് കൈക്കൊണ്ടത്.
പാർട്ടി അച്ചടക്കത്തിന് യോജിക്കാത്ത നിലയിൽ പ്രവർത്തിച്ചതിന്റെ പേരിലാണ് നടപടി. അതേസമയം സാമ്പത്തിക തിരിമറിയും ധാർമികത ഇല്ലാത്ത പെരുമാറ്റവും സ്വഭാവ ദൂഷ്യവും ഇയാളിൽ ആരോപിക്കപ്പെട്ടിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി. അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരടങ്ങുന്ന പാർട്ടി നേതൃത്വം കർണാടക പാർട്ടി കമ്മിറ്റി യോഗത്തിൽ ശ്രീറാം റെഡ്ഡിയെ തരംതാഴ്ത്തിയ നടപടി റിപ്പോർട്ട് ചെയ്തു. പാർട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി ബസവ രാജിനെ നിയമിച്ചു.
യുവജന വിദ്യാർത്ഥി നേതാവായി സിപിഎമ്മിലെത്തിയ ശ്രീറാം റെഡ്ഡി രണ്ടു തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് 56,000 വോട്ടുകൾ നേടിയിരുന്നു. കർണാടക തിരഞ്ഞെടുപ്പിൽ ബാഗേപ്പള്ളിയിൽ നടന്ന ശക്തമായ പോരാട്ടത്തിൽ ബിജെപിയേയും പിന്നിലാക്കിയാണ് സിപിഎം ശ്രീരാമ റെഡ്ഡി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇവിടെ ബിജെപി നാലാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
കർണാടകത്തിൽ സിപിഎമ്മിന്റെ മുഖമായിരുന്ന നേതാവാണ് ശ്രീറാം റെഡ്ഡി. കർണ്ണാടക സർക്കാരിനെക്കൊണ്ട് അന്ധവിശ്വാസ നിരോധന നിയമ ബിൽ പാസാക്കി എടുക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സജീവമായി റെഡ്ഡി ഇടപെട്ടിരുന്നു. ഉഡുപ്പിയി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മഡ് സ്നാനക്കെതിരെ ശക്തമായ പോരാട്ടം നയിച്ചത് ശ്രീരാമ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു. ഈ സമരവുമായി ബന്ധപ്പെട്ട് റെഡ്ഡി ജയിൽവാസം അനുഭവിക്കേണ്ട ഘട്ടവും ഉണ്ടായി. ബ്രാഹ്മണന്റെ എച്ചിലിലയിൽ ദളിതർ കിടന്നുരുളണമെന്ന ആചാരം അവസാനിപ്പിക്കാൻ സിപിഎം നടത്തിയത് വലിയ പോരാട്ടമായിരുന്നു. ഇതു കൂടാതെ കർഷക സമരങ്ങളിലൂടെയും ഏറെ ശ്രദ്ധേയനായ നേതാവാണ് റെഡ്ഡി.
അങ്ങനെയുള്ള ജനകീയ നേതാവിനെതിരെ സിപിഎം കൈക്കൊണ്ട നടപടി അസാധാരണമായി വിലയിരുത്തുന്നുണ്ട്. പാർട്ടിയുടെ സമീപകാല ചരിത്രത്തിൽ ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ഇത്തരത്തിൽ നടപടി ഉണ്ടായിട്ടില്ല. 1994ലും 2004ലുമാണ് ശ്രീരാമ റെഡ്ഡി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്.
പരാതി നിർബന്ധിച്ച് എഴുതി വാങ്ങിയതാണെന്ന് യെച്ചുരി പക്ഷം ആരോപിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.