ബെംഗളൂരുവിൽനിന്ന് കുറഞ്ഞ ചിലവിൽ അത്ഭുതദീപിലേക്ക് ഒരു വിനോദയാത്ര

ഹണിമൂണായാലും സൗഹൃദ വിനോദ യാത്രയായാലും ജോലിയില്‍ നിന്നുളള ഇടവേളകളിലും ആഘോഷിക്കാന്‍ ഒരിടം ആലോചിക്കുമ്പോള്‍ നമ്മുടെ മനസില്‍ പൂവണിയുന്നത് ഏതെങ്കിലും ബീച്ചിലേക്ക് (ദ്വീപിലേക്ക് ) യാത്രയാകാം എന്നാണ്. ഈ സ്ഥലം കേൾക്കുമ്പോൾ പലർക്കും തോന്നും ഈ സ്ഥലം വിദേശത്തു വല്ലതും ആണോ എന്ന്! നാം ഇതുവരെ അനുഭവിച്ചറിയാതെ പോയ ഒരു സുന്ദരദ്വീപ്. അവിടേക്കാണ് നമ്മളുടെ ഇനിയുളള യാത്ര.

ഇതു കർണാടകയിലെ ഉടുപ്പിയിൽ നിന്നും 15 കിലോമീറ്റർ അകലെ മാൽപെ മത്സ്യബന്ധന തുറമുഖത്തിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, മനസില്‍ തെളിനീര്‍ ജലത്തിന്‍റെ സന്തോഷ മുത്തുമണികള്‍ പൊഴിക്കുന്ന സെന്റ് മേരിസ് ഐലന്റ്.

വലിയ ചെലവൊന്നുമില്ലാതെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആസ്വദിക്കാന്‍ പറ്റിയ ഒരിടം. രാത്രിസമയം പുറപ്പെടുന്ന തീവണ്ടികളില്‍ യാത്ര പുറപ്പെടുന്നതാവും കൂടുതല്‍ അഭികാമ്യം. കാരണം രാത്രിയിൽ യാത്രയായാല്‍ ഏകദേശം രാവിലെ ഒരു 7 മണിയോട് കൂടി അവിടെ എത്തിച്ചേരാം. രാത്രി ട്രെയിനില്‍ പുറപ്പെടുന്നതിനാല്‍ തീവണ്ടിയില്‍ തന്നെ നിങ്ങള്‍ക്ക് വിശ്രമിക്കാം. രാവിലെ ഉടുപ്പിയില്‍ എത്തുന്ന ട്രെയിനില്‍ കയറിയാൽ അവിടെ തങ്ങുന്നതിനായി പ്രത്യേകം മുറിയും വാടകയ്ക്ക് എടുക്കേണ്ട എന്ന ഗുണവും ഉണ്ട്. ഉടുപ്പി റയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ സ്റ്റേഷനില്‍ തന്നെ ഫ്രഷ് ആകുന്നതിനുളള സൗകര്യം നിങ്ങള്‍ക്ക് ലഭിക്കും.

ഫ്രഷ് ആയതിന് ശേഷം അവിടെ നിന്നും ഒരു 15 മിനിറ്റ് നടന്നാൽ മെയിൻ റോഡിൽ എത്താം. ഇനി ഓട്ടോ വേണ്ടവർക്ക് ഓട്ടോ വിളിക്കാം. സ്റ്റേഷന് തൊട്ടു താഴെ പ്രീപെയ്‌ഡ്‌ ഓട്ടോ സർവീസ് ഉണ്ട്. 80 രൂപ കൌണ്ടറിൽ അടച്ചാൽ ഉഡുപ്പി ബസ് സ്റ്റാന്റിൽ ഇറക്കി തരും. മെയിൻ റോഡിൽ എത്തിയാൽ അവിടെ നിന്ന് ഉഡുപ്പി സ്റ്റാൻഡിലേക്ക് ബസ് കിട്ടും. 8 രൂപയാണ് ചാർജ്.

സ്റ്റാൻഡിൽ എത്തിയാൽ പിന്നേ മാൽപെയിലേക്ക് ബസ് കയറണം. സ്റ്റാൻഡിൽ ഏത് സമയത്തും മാൽപെയിലേക്ക് ബസ് ഉണ്ടാവും. 10 രൂപയാണ് ബസ് ചാർജ്. അങ്ങനെ മാൽപെയിൻ എത്തി, മാൽപെയിൻ ബിച്ചിലേയ്ക്കുള്ള വഴി ലക്ഷ്യമാക്കി നടക്കുക. ഐലന്റിലേയ്ക്കുള്ള ടിക്കറ്റ് ബീച്ചിൽ കിട്ടും. വെള്ളവിരിച്ചതു പോലുള്ള വിശാലമായ മണൽ പരിപ്പ്, നല്ല വൃത്തിയും ഭംഗിയുംമുള്ള ബീച്ച്. ഈ മണൽപരപ്പിൽ പ്ലാസ്റ്റിക്കോ വേസ്റ്റോ ഒന്നും കാണില്ല. ഇവിടെ ക്ലനിങ്ങിനു ഗവൺമെന്റ് പ്രാധാന്യം കൊടുക്കുമെന്ന് മനസിലായി, ബീച്ച് ക്ലിൻ ചെയ്യാനുള്ള മെഷിൻ സമിപത്തു കണ്ടു.

ബീച്ചിലാണ്  സെന്റ് മേരീസ് ഐലന്റിലേക്കുള്ള ടിക്കറ്റ് കൗണ്ടർ. രണ്ട് വിധത്തിലുള്ള ബോട്ട് സർവീസ് ഉണ്ട്. 20 പേർക്കുള്ളതും 80 പേർക്കുള്ളതും .80 പേർക്കുള്ളത് അവിടെ നിന്നു 2 Km നടക്കണം. 20 പേർക്കുള്ളത് 300 രൂപയും 80 പേർക്കുള്ളത് 250 രുപയും ആണ് ടിക്കറ്റ് ചാർജ്. കുട്ടികൾക്കും പ്രായമായവർക്കും 150 രൂപ മതി. ആവശ്യമെങ്കിൽ 5 രൂപ കൊടുത്തു ബാത്ത്റൂം ഉപയോഗപെടുത്താം. ബോട്ട് എടുക്കുന്ന വരെ കടൽ കാഴ്ചകൾ കണ്ടു വിശ്രമിക്കുകയും ചെയ്യാം.

മുക്കാൽ മണിക്കൂറോളം എടുക്കും ബോട്ട് ദ്വീപിൽ എത്താൻ. നല്ല പാട്ട് കേട്ടു വേണമെങ്കിൽ ഡാൻസും ചെയ്തു ബോട്ട് യാത്ര ആസ്വദിക്കാം. ദ്വീപിനോട് അടുക്കുമ്പോൾ ബോട്ടിൽ നിന്ന് മറ്റൊരു ചെറിയ ബോട്ടിലേക്ക് മാറണം. പിന്നേ നേരെ ദ്വീപിലേക്ക്. ദ്വീപിൽ പ്ലാസ്റ്റിക് കയറ്റി വിടില്ല. ചെക്ക് ചെയ്തതിനു ശേഷം മാത്രമേ അകത്തു കയറ്റുകയുള്ളൂ. 4 മണിവരെ ദ്വീപിൽ ചിലവഴിക്കാം. ഇതിനിടയിൽ എപ്പോള്‍ വേണമെങ്കിലും നമുക്ക് തിരിക്കാം. 4 മണി വരെ ബോട്ട് സർവീസ് ഉണ്ടാവും. നല്ല തെളിഞ്ഞ വെള്ളം തന്നെ ആണ് മറ്റു ടൂറിസ്റ്റു ദ്വീപുകളെ പോലെ ഇവിടുത്തെയും പ്രത്യേകത.

സെന്റ് മേരിസ് ഐലന്റ്-ദ്വീപിനെക്കുറിച്ച് സുന്ദരമാക്കുന്ന പാറകൾ മാഗ്മ ഉപരിതലത്തിലെ അന്തരീക്ഷവുമായി പ്രവർത്തിച്ച ബസാൽട്ടുകളാണ്(പാറകെട്ടുകൾ)പണ്ടത്തെ മഡഗാസ്കിന്റ ഭാഗമാണ് ഈ പ്രദേശം. ഏകദേശം 88 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് മഡഗാസ്കർ ഇന്ത്യൻ ഭൂപ്രദേശത്തിൽ നിന്ന് വേർപ്പെട്ടു പോയതെന്ന് കരുതുന്നു. വളരെ വൃത്തിയിൽ സൂക്ഷിക്കുന്ന സെൻറ് മേരീസ് ഐലനറിനു കോക്കന്റ്റ ഐലന്റ് എന്ന ഒരു പേരുകൂടെയുണ്ട്. ഇന്ത്യയിലെ ജിയോളിക്കൽ മൊനുമെന്റികളിലൊന്നായി 2001-ൽ ജിയോളിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഈ ദ്വീപിനെ പ്രഖ്യാപിച്ചിട്ടുണ്ട്.1498-ൽ വാസ്കോ ഡ ഗാമ കോഴിക്കോട് എത്തുന്നതിനു മുൻപ് ഈ ദ്വീപിന് നൽകിയ O Padrão de Santha Maria എന്ന പേരിൽ നിന്നാണ് ദ്വീപിനു പേര് ലഭിച്ചതെന്ന് അവിടെയുള്ള ബോർഡിൽ മനസ്സിലായി.

കുടുംബത്തിനും കൂട്ടുകാർക്കും ഹണിമൂൺ ജോഡികൾക്കും ഒരുപോലെ സമയം ചിലവഴിക്കാൻ പറ്റിയ ദ്വീപ് ആണ് സെന്‍റ് മേരീസ്. ഇനി അടുത്ത ട്രിപ്പ് ആ അത്ഭുതദ്വീപിലേക്ക് ഒരു യാത്ര പോകാം. യാത്രാ മംഗളങ്ങൾ നേരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us