ബംഗളൂരു: കർണാടകത്തിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ദുരഭിമാനക്കൊലയിൽ കൊല ചെയ്യപ്പെട്ട നവദമ്പതികളുടേതെന്ന് പൊലീസ്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണിത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ബംഗളൂരുവിൽ നിന്ന് 135 കിലോമീറ്റർ അകലെ ശിവനസമുദ്രത്തിലെ വെള്ളച്ചാട്ടത്തിൽ ഒരു യുവാവിന്റെ മൃതദേഹം പൊങ്ങി വന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം അതേയിടത്ത് തന്നെ ഒരു പെൺകുട്ടിയുടെ മൃതശരീരവും പൊങ്ങി വന്നു.
ഇവരെ ഒരുമിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം അതോടെ പൊലീസിന് ബലപ്പെട്ടു. തമിഴ്നാട് ഉൾപ്പെടെയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളുൾപ്പെടെ പൊലീസ് സന്ദേശങ്ങൾ കൈമാറിയിരുന്നു. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ സ്വാതിയുടെ പിതാവ് ശ്രീനിവാസയെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് സ്വാതിയും നന്ദിഷും രഹസ്യമായി വിവാഹിതരായി തമിഴ്നാട്ടിൽ നിന്ന് കർണാടകയിലെത്തിയതാണ്. എന്നാൽ ഒളിച്ചു താമസിച്ചിരുന്ന ഇവരെ സ്വാതിയുടെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. നന്ദേഷ് ദളിത് സമുദായാംഗമാണ്. ബന്ധുക്കൾ തന്നെയാണ് ഇരുവരെയും കാറിൽ കയറ്റി കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരുടെയും കൈകാലുകൾ ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു.
വ്യത്യസ്ത സമുദായങ്ങളായതിനാൽ ഇവരുടെ വിവാഹത്തിന് വീട്ടുകാരിൽ നിന്നും എതിർപ്പ് നേരിട്ടിരുന്നു. അതുകൊണ്ടാണ് ഇവർ കർണാടകത്തിലേക്ക് ഒളിച്ചോടിയത്. ഇവരുടെ അയൽവാസിയായ സ്ത്രീയാണ് ഇവർ കർണാടകത്തിലുണ്ടെന്ന കാര്യം പിതാവ് ശ്രീനിവാസയെ അറിയിച്ചത്. അനുനയത്തിൽ വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.