ബെംഗളൂരു: കർണാടകത്തിൽ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ശനിയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കും.
രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നവംബർ ആറിന് വോട്ടെണ്ണൽ നടക്കും.കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യം ഒന്നിച്ച് മത്സരിക്കുന്ന ആദ്യതിരഞ്ഞെടുപ്പാണിത്. രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലും ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.
രാമനഗരയിൽ ബി.ജെ.പി. സ്ഥാനാർഥി എൽ. ചന്ദ്രശേഖർ പിന്മാറിയതിനാൽ ജെ.ഡി.എസ്. സ്ഥാനാർഥി അനിതാ കുമാരസ്വാമിയുടെ ജയം ഉറപ്പായി. ബി.ജെ.പി.ക്ക് സ്ഥാനാർഥിയില്ലാത്തതിനാൽ സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണയ്ക്കാനാണ് തീരുമാനം. വ്യാഴാഴ്ച പരസ്യപ്രചാരണം സമാപിച്ചതിനാൽ വെള്ളിയാഴ്ച നിശ്ശബ്ദപ്രചാരണത്തിലായിരുന്നു സ്ഥാനാർഥികൾ.
ജാംഖണ്ഡിയിൽ കോൺഗ്രസ് എം.എൽ.എ.യായിരുന്ന സിദ്ധുന്യാമഗൗഡ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. മകൻ ആനന്ദ് ന്യാമഗൗഡയാണ് കോൺഗ്രസ് സ്ഥാനാർഥി.
ബി.ജെ.പി.യിലെ ശ്രീകാന്ത് കുൽക്കർണിയാണ് എതിരാളി. സഹതാപതരംഗം അനുകൂലമായിമാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയാണ് ശിവമോഗയിൽ ബി.ജെ.പി. സ്ഥാനാർഥി. മധു ബംഗാരപ്പയാണ് ജനതാദൾ (എസ്) സ്ഥാനാർഥി. സഖ്യത്തിൽ മത്സരിക്കുന്നതിനാൽ ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ ശിവമോഗ പിടിച്ചെടുക്കാനാകുമെന്നാണ് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും പ്രതീക്ഷ. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുൾപ്പെടെയുള്ളവർ ഇവിടെ പ്രചാരണം നടത്തിയിരുന്നു.
ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ ബല്ലാരി ലോക്സഭാ മണ്ഡലത്തിൽ വി.എസ്. ഉഗ്രപ്പയാണ് കോൺഗ്രസ് സ്ഥാനാർഥി. ബി. ശ്രീരാമുലു എം.എൽ.എ.യുടെ സഹോദരി ജെ. ശാന്തയാണ് ബി.ജെ.പി.ക്കുവേണ്ടി രംഗത്ത്. ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യയിൽ കമേഴ്സ്യൽ ടാക്സ് റിട്ട.
അഡീഷണൽ കമ്മിഷണർകൂടിയായ ഡോ. സിദ്ധരാമയ്യയാണ് ബി.ജെ.പി. സ്ഥാനാർഥി. ശിവരാമെ ഗൗഡയാണ് ജെ.ഡി.എസ്. സ്ഥാനാർഥി. ഇവിടെ കോൺഗ്രസിലെ ഒരുവിഭാഗം ഇടഞ്ഞുനിൽക്കുന്നുണ്ടെങ്കിലും വിജയം സുനിശ്ചിതമാണെന്ന പ്രതീക്ഷയിലാണ് ജെ.ഡി.എസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.