ബെംഗളൂരു: ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരേ നടക്കുന്ന പ്രതിഷേധത്തിൽ വേദനയുണ്ടെന്ന് നടിയും വനിതാ ശിശുക്ഷേമ മന്ത്രിയുമായ ജയമാല പറഞ്ഞു. സുപ്രീംകോടതി വിധി നിയമത്തിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം നൽകുന്നുണ്ട്. ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും പ്രാർഥിക്കുന്നതിനും എല്ലാവർക്കും അവകാശമുണ്ട്. കോടതി ഉത്തരവ് പാലിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അവർ പറഞ്ഞു. പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി ദൈവംതന്ന വിധിയാണെന്നാണ് ജയമാല ആദ്യം ഉത്തരവിനോട് പ്രതികരിച്ചത്. വിധി മനുഷ്യത്വത്തിന്റെ വിജയമെന്ന് അഭിപ്രായപ്പെട്ട അവർ ശബരിമല ദർശനത്തിന് പോകുമെന്നും പറഞ്ഞിരുന്നു. എന്നാൽ, പ്രതിഷേധത്തെത്തുടർന്ന് ഇതേക്കുറിച്ച് ഇപ്പോൾ പ്രതികരിച്ചില്ല.
ശബരിമലയിൽ ദർശനം നടത്തിയെന്നും അയ്യപ്പവിഗ്രഹത്തിൽ സ്പർശിച്ചുവെന്നും ജയമാല 2006-ൽ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജയമാലയ്ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ശബരിമലയിൽ സ്ത്രീസാന്നിധ്യമുണ്ടായിട്ടുണ്ടെന്ന് ദേവപ്രശ്നത്തിൽ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ജയമാലയുടെ വെളിപ്പെടുത്തൽ. ഭർത്താവിന്റെ അസുഖം ഭേദമായാൽ ശബരിമല ദർശനം നടത്താമെന്ന് നേർന്നിരുന്നെന്നും ഇതേത്തുടർന്ന് 1987-ൽ ശബരിമലയിൽ ദർശനം നടത്തിയെന്നുമാണ് അന്ന് വെളിപ്പെടുത്തിയത്. തിരക്കിൽപ്പെട്ട് ശ്രീകോവിലിനുള്ളിലേക്ക് വീണപ്പോൾ അയ്യപ്പവിഗ്രഹത്തിന്റെ കാൽതൊട്ട് വന്ദിച്ചുവെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ, ജയമാലയുടെ വാദം ശബരിമല തന്ത്രി അന്ന് തള്ളുകയായിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.