ന്യൂഡല്ഹി : ജമ്മുകശ്മീരിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. ജമ്മു മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ബിജെപി കോൺഗ്രസിൽ നിന്ന് തിരിച്ചുപിടിച്ചു. തെക്കൻ കശ്മീരിൽ കോൺഗ്രസിനെ പിന്തള്ളി ബിജെപി കൂടുതൽ സീറ്റുകൾ നേടി.
ചരിത്രത്തിലാദ്യമായാണ് കശ്മീർ മേഖലയിലെ മുനിസിപ്പൽ കൗൺസിലുകളിൽ ബിജെപി നേട്ടം ഉണ്ടാക്കുന്നത്. പ്രധാന കക്ഷികളായ പിഡിപിയും നാഷണൽ കോൺഫറൻസും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. ബിജെപിയും കോൺഗ്രസും മാത്രം മത്സരിച്ചു. ജമ്മുവിനൊപ്പം കശ്മീരിലും ബിജെപി കോൺഗ്രസിനെ പിന്തള്ളി. ജമ്മുവിലെ 520 വാർഡുകളിൽ 212 എണ്ണത്തിലും ബിജെപി വിജയിച്ചു. 185 സീറ്റുകൾ സ്വതന്ത്രർ നേടിയപ്പോൾ 110എണ്ണം മാത്രമാണ് കോൺഗ്രസിന് നേടാനായത്.
ജമ്മു മുൻസിപ്പൽ കോർപ്പറേഷനിലെ 75 സീറ്റുകളിൽ 43 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം നിലനിറുത്തിയത്. കോൺഗ്രസ് 14ഉം സ്വതന്ത്രർ 18ഉം സീറ്റുകൾ നേടി. ജമ്മു മേഖലയിലെ 14 മുൻസിപ്പൽ സമിതികളിൽ ബിജെപി ഭൂരിപക്ഷം നേടി. തെക്കൻ കശ്മീരിലെ പുൽവാമ, ഷോപ്പിയാൻ, അനന്ദ്നാഗ്, കുൽഗാം ജില്ലകളിലും ബിജെപിക്കാണ് മേൽക്കൈ.132 വാർഡുകളിൽ 53എണ്ണം ബിജെപി നേടിയപ്പോൾ 28എണ്ണമാണ് കോൺഗ്രസിന് നേടാനായത്.
നാല് മുൻസിപ്പൽ സമിതികളിൽ ബിജെപിയും മൂന്നെണ്ണത്തിൽ കോൺഗ്രസും ഭരണം ഉറപ്പിച്ചു. ഭീകരസംഘടനകൾക്ക് സ്വാധീനമുള്ള മേഖലകളിലാണ് ബിജെപി നേട്ടമുണ്ടാക്കിയത്. അതേസമയം താഴ്വരയിലും ലഡാക്കിലും കൂടുതൽ സീറ്റുകൾ കോൺഗ്രസിന് നേടാനായി. ഇവിടെ രണ്ടാം സ്ഥാനത്ത് സ്വതന്ത്രരാണ്.
കശ്മീർ നിവാസികൾക്ക് പ്രത്യേക അവകാശം ഉറപ്പാക്കുന്ന മുപ്പത്തിയഞ്ചാം അനുച്ഛേദത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് പിഡിപിയും നാഷണൽ കോൺഫറൻസും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത്. പ്രധാനകക്ഷികളുടെ അസാന്നിധ്യം ബിജെപിക്ക് ഗുണകരമായെന്നാണ് ഫലം തെളിയിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.