ബെംഗളൂരു : നഗരത്തിൽ നിന്ന് ഉത്തരകേരളത്തിലേക്കുള്ള റൂട്ടുകൾ ഒട്ടും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾക്ക് കഴിഞ്ഞ ഒരു വർഷം നമ്മൾ ദൃക്സാക്ഷികളാണ്. ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവം വരെ ഉണ്ടായി. ഇന്ന് പുറത്ത് വരുന്ന വാർത്തകൾ ബെംഗളൂരു- സേലം – കോയമ്പത്തൂർ റൂട്ടിലെ അരക്ഷിതാവസ്ഥയെ കുറിച്ചാണ്.സംഭവം നടന്നത് സേലം നഗരത്തിലാണ് എന്നത് കൂടുതൽ ഭീതി ഉളവാക്കുന്നു.
ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു മലയാളികളടക്കുന്ന നാലംഗ സംഘം.
“ഞങ്ങൾ മൂത്രമൊഴിക്കാൻ വേണ്ടി നഗരത്തിലെ തന്നെ വലിയ ഹോട്ടലായ റാഡിസൺ ബ്ലുവിന്റെ ഏകദേശം 500 മീറ്റർ മാറി കാർ നിർത്തി ,തിരിച്ച് കാറിലേക്ക് കയറാൻ നോക്കിയപ്പോൾ നാല് ബൈക്കുകളിലായി വന്ന ഒൻപതംഗ സംഘം ഞങ്ങളെ തടഞ്ഞു, എല്ലാവരുടെയും കഴുത്തിൽ വടി വാൾ വച്ചു കൊണ്ട് പേഴ്സ് അടക്കമുള്ള എല്ലാ സാധനങ്ങളും കൊണ്ടുപോയി ” യാത്രക്കാരിൽ ഒരാളായ അഖിൽ ജോൺ പറഞ്ഞു.
പ്രതികരിക്കാനോ പ്രതിരോധിക്കാനോ കഴിയാത്ത രൂപത്തിലായിരുന്നു അവരുടെ ഭീഷണി, പ്രതിരോധിച്ചാൽ വടിവാൾ ഏന്തിയ അക്രമികളിൽ നിന്ന് ഉണ്ടാകുന്ന പ്രതികരണം വളരെ ഭീകരമാകാനും സാദ്ധ്യത ഉണ്ടായിരുന്നു.
പേഴ്സും മൊബൈലും മറ്റും അവർ എടുത്തപ്പോഴും ഒരു ഘട്ടത്തിൽ കാറിന്റെ താക്കോൽ എടുക്കാനുള്ള അവരുടെ ശ്രമം വിജയിക്കാതെ വരികയും താക്കോൽ കാറിന്റെ താഴെ പോകുകയും ചെയ്തതിനാൽ കാറ് കൈക്കലാക്കാനുള്ള അക്രമികളുടെ ശ്രമം വിജയിച്ചില്ല.
റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സേലം ഡി 3 പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് പ്രകാരം പോലീസ് വാഹനത്തിൽ നഗരത്തിൽ ഒരു തിരച്ചിൽ നടത്തുകയും ചെയ്തു.അക്രമികളെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
അതേസമയം ഇതേ അക്രമി സംഘം കഴുത്തിൽ കത്തിവച്ച് മുറിവായ മറ്റൊരാൾ ഇതേ സ്റ്റേഷന്റെ ഉള്ളിൽ പരാതിയുമായി വന്ന് അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു എന്നും യാത്രക്കാരിലൊരാൾ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.